പിരിച്ചുവിട്ടതില്‍ വൈരാഗ്യം, ഹാക്ക് ചെയ്ത് 1200 മൈക്രോസോഫ്റ്റ് ഉപഭോക്കാക്കളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തു; അമേരിക്കയില്‍ ഇന്ത്യക്കാരന് തടവുശിക്ഷ, അഞ്ചര ലക്ഷം ഡോളര്‍ പിഴ 

ഹാക്ക് ചെയ്ത് 1200 മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തതിന് ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ന്യൂയോര്‍ക്ക്: ഹാക്ക് ചെയ്ത് 1200 മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തതിന് ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ. നിയമവിരുദ്ധമായി സെര്‍വര്‍ തുറന്നതിനും അക്കൗണ്ടുകള്‍ നീക്കം ചെയ്തതിനും കാലിഫോര്‍ണിയ കോടതിയാണ് ഇന്ത്യക്കാരന് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഡല്‍ഹി സ്വദേശിയായ ദീപാന്‍ഷു ഖേറിനോട് നഷ്ടപരിഹാരമായി അഞ്ചരലക്ഷം ഡോളര്‍ കമ്പനിക്ക് നല്‍കാനും കോടതിവിധിയില്‍ പറയുന്നു.

ജനുവരി 11ന് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പറന്ന ദീപാന്‍ഷുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കാര്യം അറിയാതെയാണ് അമേരിക്കയിലേക്ക് പറന്നത്.കമ്പനിയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് ദീപാന്‍ഷു നടത്തിയതെന്ന് ആക്ടിങ് യുഎസ് അറ്റോര്‍ണി റാന്‍ഡി ഗ്രോസ്മാന്‍ പറഞ്ഞു. 

കമ്പനിക്കെതിരെ നൂതനമായ ആക്രമണരീതിയാണ് ഖേര്‍ ആസൂത്രണം ചെയ്തതെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് അമേരിക്കന്‍ ജില്ലാ കോടതി ജഡ്ജി വ്യക്തമാക്കി. കമ്പനിയോട് വിരോധം തീര്‍ക്കാനാണ് ആക്രമണ പദ്ധതി എന്ന് വ്യക്തമായതായും കോടതി പറഞ്ഞു.

2017 മുതല്‍ 2018 മെയ് വരെ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടിങ് കമ്പനിയിലാണ് ഡല്‍ഹി സ്വദേശി ജോലി ചെയ്തത്. മൈക്രോസോഫ്റ്റ് ഓഫീസ് 365 സംവിധാനത്തിലേക്ക് സാങ്കേതികവിദ്യയെ പരിഷ്‌കരിക്കുന്നതിന് കണ്‍സള്‍ട്ടിങ് സ്ഥാപനവുമായി കാള്‍സ്ബാഡ് കരാറിലെത്തി. ഇതിന്റെ ഭാഗമായി ദീപാന്‍ഷുവിനെ കാള്‍സ്ബാഡിന്റെ ആസ്ഥാനത്തേയ്ക്ക് ജോലിക്കായി നിയോഗിച്ചു. 

ദീപാന്‍ഷുവിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് 2018ല്‍ ദീപാന്‍ഷുവിനെ അവിടെ നിന്ന് മാറ്റി. തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം മോശമെന്ന് കാണിച്ച് കണ്‍സള്‍ട്ടിങ് സ്ഥാപനം പിരിച്ചുവിട്ടു. തുടര്‍ന്ന് നാട്ടിലേക്ക് വന്ന ദീപാന്‍ഷു കാള്‍സ്ബാഡിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 1200 അക്കൗണ്ടുകള്‍ നീക്കം ചെയ്തു എന്നതാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com