കോളജിന് മുന്നിലിട്ട് പട്ടാപ്പകൽ 21 കാരിയെ കൊലപ്പെടുത്തി; പ്രതികൾ കുറ്റക്കാരെന്ന് കോടതി;  ശിക്ഷ വെള്ളിയാഴ്ച

പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും
നികിത തോമര്‍ കൊലക്കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ /ചിത്രം പിടിഐ
നികിത തോമര്‍ കൊലക്കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ /ചിത്രം പിടിഐ

ഫരീദാബാദ്​: പട്ടാപ്പകൽ നടുറോഡിൽ  കോളജ്​ വിദ്യാർഥിനിയെ വെടിവച്ച്​ കൊന്ന കേസിലെ പ്രതികൾ കുറ്റക്കാരെന്ന്​ കോടതി വിധി. വിവാദമായ നികിത തോമര്‍ വധക്കേസിലാണ് ഹരിയാനയിലെ ഫരീദാബാദ്​ അതിവേഗ ​കോടതിയുടെ വിധി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 

കേസിൽ മൂന്നാം പ്രതിയായിരുന്ന മുഹമ്മദ്​ അസ്​ഹറുദ്ദീനെ കോടതി വെറുതേ വിട്ടു. പ്രതികള്‍ക്ക് നാടന്‍ തോക്ക് എത്തിച്ചുവെന്നായിരുന്നു ഇയാളിൽ ചുമത്തിയ കുറ്റം. 2020 ഡിസംബര്‍ ഒന്നിനാണ്​ കേസിൽ വിചാരണ ആരംഭിച്ചത്​. മൂന്നുമാസത്തിനുള്ളിൽ കോടതി വിധി പറയുകയും ചെയ്​തു.

21കാരിയായ ബിരുദ വിദ്യാര്‍ഥിനിയായ നികിതയെ കോളജിന് മുന്നിലിട്ടാണ് പട്ടാപ്പകല്‍ വെടിവെച്ച് കൊന്നത്. പരീക്ഷ കഴിഞ്ഞ് കൂട്ടൂകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ ആദ്യം തൗസീഫും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ചെറുത്തതോടെ  തൗസീഫ് പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെയും വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 

സംഭവത്തില്‍ പ്രതികളായ തൗസീഫിനെയും സുഹൃത്തിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. താനുമായി അടുപ്പത്തിലായിരുന്ന നികിത ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു തൗസീഫിന്റെ മൊഴി. 2018ല്‍ നികിതയുടെ കുടുംബം തനിക്കെതിരേ പൊലീസില്‍ പരാതി നല്‍കിയത് തന്റെ പഠനത്തിന് തടസമായെന്നും പ്രതി പറഞ്ഞിരുന്നു. അതിനിടെ, സംഭവത്തിന് പിന്നില്‍ ലൗജിഹാദാണെന്ന് നികിതയുടെ കുടുംബം ആരോപിച്ചതോടെ വിഷയം വലിയ ചര്‍ച്ചയായി. തൗസീഫ് പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിക്കാനാണ് ശ്രമിച്ചതെന്നും ഇത് എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നുമായിരുന്നു ഇവരുടെ ആരോപണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com