'വാക്സിൻ ഇല്ല, എന്നിട്ടും നിരന്തരം വാക്സിൻ എടുക്കാൻ ആവശ്യപ്പെടുന്നു; ആ ഡയലർ ട്യൂൺ അരോചകം'-  വിമർശിച്ച് ഡൽഹി ഹൈക്കോടതി

'വാക്സിൻ ഇല്ല, എന്നിട്ടും നിരന്തരം വാക്സിൻ എടുക്കാൻ ആവശ്യപ്പെടുന്നു; ആ ഡയലർ ട്യൂൺ അരോചകം'-  വിമർശിച്ച് ഡൽഹി ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആവശ്യത്തിന് വാക്സിൻ ഇല്ലാതെ ആളുകളോട് വാക്സിൻ എടുക്കാൻ പറയുന്നത് എത്ര കാലം തടരുമെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. ഇത്തരമൊരു അവസ്ഥയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നിരന്തരം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നത് അങ്ങേയറ്റം അരോചകമായ കാര്യമാണെന്നും കോടതി വിമർശിച്ചു. 

സന്ദേശം അരോചകമാണെന്നും ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാതിരുന്നിട്ടും ആളുകളോട് വാക്‌സിന്‍ എടുക്കാന്‍ അഭ്യര്‍ഥിക്കുന്നത് എത്രകാലം തുടരുമെന്നും കോടതി ആരാഞ്ഞു. നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി അതിരൂക്ഷമായ ഭാഷയിൽ ആരാഞ്ഞു. ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബഞ്ചാണ് വിമർശനം ഉന്നയിച്ചത്. 

വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണം. ഇനി നിങ്ങള്‍ പണം ഈടാക്കിയാണെങ്കില്‍ പോലും വാക്‌സിന്‍ നല്‍കണം. കുട്ടികള്‍ പോലും അത് തന്നെയാണ് പറയുന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടരെ കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കോടതി പറഞ്ഞു. 

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന പരിപാടികള്‍ ടെലിവിഷന്‍ അവതാരകരെ ഉപയോഗിച്ച് തയ്യാറാക്കി എല്ലാ ചാനലിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു. 

കൈ കഴുകുന്നതും മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരസ്യ പ്രചാരണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. ഇത്തവണ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ച് വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com