ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ അന്തരിച്ചു

കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു
ഇന്ദു ജെയ്ൻ/ ഫേയ്സ്ബുക്ക്
ഇന്ദു ജെയ്ൻ/ ഫേയ്സ്ബുക്ക്

ന്യൂഡൽഹി: ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ അന്തരിച്ചു. 84 വയസ്സായിരുന്നു. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയിരുന്നു മരണം. ആത്മീയാന്വേഷി, മനുഷ്യസ്നേഹി, വനിതാ അവകാശ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്ന ഇന്ദു ജെയിനെ 2016 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 

1999-ല്‍ ആണ് ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എത്തുന്നത്. 2000-ല്‍ സന്നദ്ധ സംഘടനയായ ടൈംസ് ഫൗണ്ടേഷന് ഇന്ദു രൂപം നല്‍കി. ചുഴലിക്കാറ്റ്, ഭൂകമ്പം, പ്രളയം തുടങ്ങിയ ദുരന്തസമയങ്ങളില്‍ സഹായധനം നല്‍കുന്ന ടൈംസ് റിലീഫ് ഫണ്ട്  ഈ ഫൗണ്ടേഷനാണ് നല്‍കുന്നത്. ഇന്ത്യയിലെ സ്ത്രീകളിലെ സംരംഭകയെ കണ്ടെത്തി പരിപോഷിപ്പിക്കാൻ 1983 ൽ എഫ്ഐസിസി ലേഡീസ് ഓർ​ഗനൈസേഷൻ (എഫ്എൽഒ) സ്ഥാപിച്ചതു ഇന്ദു ജെയ്ൻ ആണ്. 

ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്.എല്‍.ഒയുടെ സ്ഥാപക പ്രസിഡന്റ്, ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനും ഇന്ദു അര്‍ഹയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com