മധ്യപ്രദേശിൽ കോൺ​ഗ്രസ് എംഎൽഎയുടെ ബം​ഗ്ലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

മധ്യപ്രദേശിൽ കോൺ​ഗ്രസ് എംഎൽഎയുടെ ബം​ഗ്ലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ഉമങ് സിങ്കാർ/ വീഡിയോ ദൃശ്യം
ഉമങ് സിങ്കാർ/ വീഡിയോ ദൃശ്യം

ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഉമങ് സിങ്കാറിന്റെ ബംഗ്ലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അംബാല സ്വദേശിയായ 38കാരിയാണ് മരിച്ചത്. യുവതി എംഎൽഎയുടെ സുഹൃത്തായിരുന്നു. ഉമങ് സിങ്കാറിന്റെ ഭോപ്പാലിലെ ഷാഹ്പുരയിലുള്ള ബം​ഗ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതേസമയം യുവതി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയി‌ട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

സിങ്കാറിന്റെ ജീവിതത്തിൽ ഒരിടം കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അത് സംഭവിച്ചില്ലെന്നും അതിനാൽ താൻ സ്വയം മരിക്കുകയാണെന്നും ആർക്കും ഇതിൽ പങ്കില്ലെന്നുമായിരുന്നു കുറിപ്പിലെ വാചകങ്ങൾ.

ഹൃദയഭേദകമായ സംഭവമാണെന്നായിരുന്നു എംഎഎയുടെ പ്രതികരണം. കഴിഞ്ഞ മൂന്ന് ദിവസമായി താൻ മണ്ഡലത്തിൽ ഇല്ലായിരുന്നുവെന്നും തന്റെ നല്ല സുഹൃത്താണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുവതി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഇക്കാര്യം താൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവർക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നുവെന്നും ഉമങ് വ്യക്തമാക്കി. 

അംബാല സ്വദേശിയായ യുവതി കഴിഞ്ഞ ഒരു വർഷമായി സിങ്കാറിന്റെ വീട്ടിൽ വരാറുണ്ടെന്ന് പൊലീസും പറഞ്ഞു. കഴിഞ്ഞ 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാർ ഭോപ്പാലിൽ ഉണ്ടായിരുന്നില്ല. ബംഗ്ലാവിലെ ജോലിക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും സിങ്കാറിന്റെ ബന്ധുവുമാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടത്. 

ഞായറാഴ്ച രാവിലെ ജോലിക്കാരന്റെ ഭാര്യ യുവതിയുടെ മുറിയിലെ വാതിലിൽ തട്ടിവിളിച്ചു. പ്രതികരണമില്ലാതായതോടെ ഇവർ ഭർത്താവിനെ വിവരമറിയിച്ചു. ഇരുവരും ഇക്കാര്യം സിങ്കാറിനെയും വിളിച്ചു പറഞ്ഞു. തുടർന്ന് എംഎൽഎയുടെ ഒരു ബന്ധു ബംഗ്ലാവിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലെ ഗന്ധ്വാനി മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ഉമങ്. എഐസിസി ദേശീയ സെക്രട്ടറിയായ അദ്ദേഹം 2019-20ൽ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com