കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; പ്രധാനമന്ത്രി അവഹേളിച്ചു: മമത

കോവിഡ് അവലോകനത്തിന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
മമത ബാനര്‍ജി/ഫയല്‍
മമത ബാനര്‍ജി/ഫയല്‍

കൊല്‍ക്കത്ത: കോവിഡ് അവലോകനത്തിന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ അവഹേളിക്കപ്പെട്ടതായും അവര്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്തിട്ടും ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം തന്നതുമില്ല. ചില ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം നല്‍കി. പ്രധാനമന്ത്രിയും ഒരു ചെറിയ പ്രസംഗം നടത്തി. അതോടെ യോഗം അവസാനിച്ചു', മമത പറഞ്ഞു.

അവഹേളിക്കപ്പെട്ടതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. വാക്സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ പ്രധാനമന്ത്രി ഒന്നും ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചില്ല. കൂടിക്കാഴ്ചയില്‍ കൂടുതല്‍ വാക്സിന്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിനുള്ള അവസരവും ലഭിച്ചില്ല. 

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മുന്‍പും ഇതുപോലുള്ള അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് കേസുകള്‍ വര്‍ധിക്കാനാണ് കാരണമായത്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതെന്നും മമത ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com