കോവിഡ് രോഗികള്‍ക്ക് പതഞ്ജലിയുടെ ഒരു ലക്ഷം കൊറോണില്‍ കിറ്റുകള്‍ സൗജന്യമായി നല്‍കും: പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍ 

കോവിഡ് രോഗികള്‍ക്ക് ഒരു ലക്ഷം കൊറോണില്‍ കിറ്റ് സൗജന്യമായി നല്‍കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജാണ് അറിയിച്ചത്
പതഞ്ജലിയുടെ കോവിഡ് ആയുര്‍വ്വേദ മരുന്ന് പുറത്തിറക്കുന്ന ചടങ്ങ്, ഫയല്‍ ചിത്രം
പതഞ്ജലിയുടെ കോവിഡ് ആയുര്‍വ്വേദ മരുന്ന് പുറത്തിറക്കുന്ന ചടങ്ങ്, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വൈറസ് ബാധയുടെ ചികിത്സയ്ക്ക് അലോപ്പതിയെ ആശ്രയിക്കുന്നതിനെതിരെ ബാബാ രാംദേവ് നടത്തിയ പരാമര്‍ശം വിവാദമായിരിക്കേ, ഹരിയാനയില്‍ രോഗികള്‍ക്ക് പതഞ്ജലിയുടെ വിവാദ കോവിഡ് പ്രതിരോധ ഉല്‍പ്പന്നമായ കൊറോണില്‍ കിറ്റ് സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. കോവിഡ് രോഗികള്‍ക്ക് ഒരു ലക്ഷം കൊറോണില്‍ കിറ്റ് സൗജന്യമായി നല്‍കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജാണ് അറിയിച്ചത്.

കൊറോണില്‍ ടാബ്ലറ്റ് അടക്കം മൂന്ന് ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്നതാണ്് പതഞ്ജലിയുടെ കൊറോണില്‍ കിറ്റ്. ഒരു ലക്ഷം കൊറോണില്‍ കിറ്റ് സൗജന്യമായി നല്‍കുമെന്നാണ് ഹരിയാന സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ പകുതി ചെലവ് സര്‍ക്കാരും ബാക്കി പതഞ്ജലിയും വഹിക്കുമെന്ന് അനില്‍ വിജ് ട്വിറ്ററില്‍ കുറിച്ചു. ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഇതിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ കണ്ടെത്തുക. കോവിഡ് മരുന്ന് സൗജന്യമായി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ബാബ രാംദേവ് അഭിനന്ദം അറിയിച്ചു. മറ്റു സംസ്ഥാനങ്ങളും സമാനമായ പ്രഖ്യാപനം നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതഞ്ജലിയുടെ കോവിഡ് ആയുര്‍വ്വേദ മരുന്നിന് അംഗീകാരം ഉണ്ടെന്ന തരത്തിലുള്ള ബാബ രാംദേവിന്റെ വാദങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം അലോപ്പതി ചികിത്സയ്‌ക്കെതിരെ അദ്ദേഹം രംഗത്തുവന്നത്. കോവിഡ് ചികിത്സയ്ക്ക് അലോപ്പതി മരുന്നുകള്‍ ഉപയോഗിച്ചത് മൂലം ലക്ഷകണക്കിന് ആളുകളാണ് മരിച്ചത്. ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് എന്ന തരത്തിലുള്ള ബാബാ രാംദേവിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. സംഭവം ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതോടെ, ബാബാ രാംദേവ് കോവിഡിനെതിരെ പോരാടുന്ന മുന്നണിപ്പോരാളികളെ അപമാനിച്ചു എന്ന് പറഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com