'ബലാത്സംഗത്തിന് ഇരയായതുപോലെയല്ല അവര്‍ പെരുമാറിയത്'; തരുണ്‍ തേജ്പാല്‍ വിധിയുടെ വിശദാംശങ്ങള്‍

'ബലാത്സംഗത്തിന് ഇരയായതുപോലെയല്ല അവര്‍ പെരുമാറിയത്'; തരുണ്‍ തേജ്പാല്‍ വിധിയുടെ വിശദാംശങ്ങള്‍
തരുണ്‍ തേജ്പാല്‍/ഫയല്‍
തരുണ്‍ തേജ്പാല്‍/ഫയല്‍

പനാജി: ലൈംഗിക അതിക്രമത്തിന് ഇരയാവുന്നയാളില്‍നിന്നു സാധാരണയുണ്ടാവുന്ന പെരുമാറ്റമല്ല, തരുണ്‍ തേജ്പാലിനെതിരെ ആരോപണമുന്നയിച്ച സ്ത്രീയില്‍നിന്നുണ്ടായതെന്ന് കോടതി. അതുകൊണ്ടുതന്നെ അവരുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്ന്, തേജ്പാലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ സെഷന്‍സ് ജഡ്ജി ക്ഷമ ജോഷി പറഞ്ഞു.

കഴിഞ്ഞ 21നാണ് തേജ്പാലിനെ കോടതി വെറുതെവിട്ടത്. കേസിലെ അഞ്ഞൂറു പേരു വരുന്ന വിധി ഇന്നലെ രാത്രിയാണ് പൂര്‍ണ രൂപത്തില്‍ ലഭ്യമായത്. ഇരയുടെ സത്യസന്ധതയില്‍ സംശയമുള്ളതിനാലും അനുബന്ധ തെളിവുകളുടെ അഭാവത്തിലും സംശയത്തിന്റെ ആനൂകൂല്യം നല്‍കി തേജ്പാലിനെ വെറുതെ വിടുകയാണെന്ന് കോടതി പറഞ്ഞു.

2013ല്‍ ഗോവയിലെ ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച്, തെഹല്‍ക്ക എഡിറ്റര്‍ ആയിരുന്ന തേജ്പാല്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. തെഹല്‍ക്കയില്‍ തേജ്പാലിന്റെ സഹപ്രവര്‍ത്തകയായിരുന്ന സ്ത്രീയാണ് പരാതി നല്‍കിയത്.

''ലൈംഗിക അതിക്രത്തിന് ഇരയായ ആളുടേതുപോലുള്ള പെരുമാറ്റമല്ല ഇരയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഇര ഭീതിദമായ മാനസിക അവസ്ഥയില്‍ ആയിരുന്നു എന്ന വാദവും കണക്കിലെടുക്കാനാവില്ല. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷവും ഇര പ്രതിക്കു സന്ദേശം അയച്ചിട്ടുണ്ട്.''- കോടതി ചൂണ്ടിക്കാട്ടി. പ്രതി ആരായാതെ തന്നെയാണ് താന്‍ ഇവിടെയാണെന്ന സന്ദേശം ഇര അയച്ചതെന്നു കോടതി പറഞ്ഞു.

സംഭവം നടന്ന ഉടന്‍ തന്നെ പരാതി നല്‍കുകയും വൈദ്യപരിശോധനയ്ക്കു വിധേയമാവുകയും ചെയ്തിരുന്നെങ്കില്‍ മെഡിക്കല്‍ തെളിവുകള്‍ ലഭ്യമാവുമായിരുന്നു. എന്നാല്‍ ഈ കേസില്‍ അതൊന്നും ഉണ്ടായില്ല. പരസ്പര വിരുദ്ധമായ മൊഴിയാണ് ഇര നല്‍കിയിട്ടുള്ളത്. അവരുടെ അമ്മ നല്‍കിയ മൊഴിയും ഇരയുടെ മൊഴിയുമായി യോജിച്ചുപോവുന്നതല്ല. 

ബലാത്സംഗം ഇരയ്ക്ക് കടുത്ത പ്രയാസവും അപമാനവുമാണ് വരുത്തിവയ്ക്കുന്നത്. എന്നാല്‍ തെറ്റായ ബലാത്സംഗ ആരോപണം സമാനമായ അവസ്ഥയാണ് പ്രതിയിലും സൃഷ്ടിക്കുന്നതെന്ന് കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com