ലക്ഷദ്വീപില്‍ വൃദ്ധയ്ക്ക് എയര്‍ ആംബുലന്‍സ് അനുമതിയില്ല; മണിക്കൂറുകളായിട്ടും മറുപടിയില്ലെന്ന് ബന്ധുക്കള്‍

ലക്ഷദ്വീപില്‍ അസുഖ ബാധിതയായ വൃദ്ധയ്ക്ക് എയര്‍ ആംബുലന്‍സ് സൗകര്യം അനുവദിക്കാതെ ദ്വീപ് ഭരണകൂടം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



കൊച്ചി: ലക്ഷദ്വീപില്‍ അസുഖ ബാധിതയായ വൃദ്ധയ്ക്ക് എയര്‍ ആംബുലന്‍സ് സൗകര്യം അനുവദിക്കാതെ ദ്വീപ് ഭരണകൂടം. അമിനി ദ്വീപില്‍ വീണു പരിക്കേറ്റ ബിപാത്തുവിനാണ് എയര്‍ ആംബുലന്‍സ് സൗകര്യം അനുവദിക്കാത്തത്. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് വീണ് പരിക്കേറ്റ ബീപാത്തുവിനെ അമിനിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇടുപ്പെല്ലിന് പരിക്കേറ്റ ബീപാത്തുവിന് മികച്ച ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. നാല് മണി മുതല്‍ ഹെലികോപ്ടറിനായി ശ്രമിക്കുന്നുവെന്നും എന്നാല്‍, ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് ഇതുവരെയും റിപ്പോര്‍ട്ട് ഒന്നും വന്നിട്ടില്ലെന്നും രോഗിയുടെ സഹായി പറയുന്നു. 

മെഡിക്കല്‍ ഓഫീസര്‍ കാര്യം അഡ്മിനിസ്‌ട്രേറ്ററെ അറിയിച്ചെങ്കിലും ഇതുവരെയും സംവിധാനമായിട്ടില്ല. ലക്ഷദ്വീപിലെ പുതിയ പരിഷ്‌കാരത്തെ തുടര്‍ന്നാണ് ആംബുലന്‍സ് സഹായം വൈകുന്നതെന്ന് രോഗിയുടെ സഹായി ആരോപിക്കുന്നു.

മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് മെഡിക്കല്‍ ഡയറക്ടര്‍ക്ക് നല്‍കിയെങ്കിലും അനുമതി ഇതുവരെയും കിട്ടിയില്ല. നാലംഗ സമിതിയുടെ പരിശോധന പൂര്‍ത്തിയാകാത്തതാണ് കാരണമെന്നും സഹായി പറയുന്നു. നേരത്തെ മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയാല്‍ അരമണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24ാം തീയതി പുറത്തിറക്കിയ ഉത്തരവിലാണ് അഡ്മിനിസ്‌ട്രേറ്റീവ് പ്രഫുല്‍ പട്ടേല്‍ എയര്‍ ആംബുലന്‍സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 
വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ മാറ്റേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചുകൊണ്ടായിരുന്നു ഉത്തരവ്. മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയര്‍ ആംബലന്‍സില്‍ മാറ്റാന്‍ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗമേ മാറ്റാന്‍ സാധിക്കുകയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com