മുല്ലപ്പെരിയാര്‍: പ്രത്യക്ഷസമരത്തിന് അണ്ണാ ഡിഎംകെ;  അതിര്‍ത്തി ജില്ലകളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനം

എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിച്ചിരുന്നു
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ പ്രത്യക്ഷസമരത്തിലേക്ക്. കേരള അതിര്‍ത്തിയിലെ അഞ്ചു ജില്ലകളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. സമരപരിപാടികളുടെ തീയതി അടക്കമുള്ള കാര്യങ്ങള്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് എഐഎഡിഎംകെ കോര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം അറിയിച്ചു. 

സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് പാര്‍ട്ടി സമരരംഗത്തിറങ്ങുന്നത്. എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിച്ചിരുന്നു. ഇപ്പോള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് കേരള സര്‍ക്കാര്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് തടയുകയാണ്. കേരളത്തിന്റെ നടപടികള്‍ക്ക് നേരെ ഡിഎംകെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു. 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പനീര്‍സെല്‍വം കഴിഞ്ഞദിവസം അഞ്ചുജില്ലകളിലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. തേനി, ഡിണ്ടിഗല്‍, മധുരൈ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിലെ എഐഎഡിഎംകെ ജില്ലാ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. 

എഐഎഡിഎംകെ സർക്കാർ ജലനിരപ്പ് 142 അടിയായി ഉയർത്തി

ജയലളിത സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട്, അഞ്ചു ജില്ലകളിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി നിരവധി നടപടികളാണ് സ്വീകരിച്ചത്. നിയമപോരാട്ടത്തിലൂടെ ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തി. 

ചരിത്രം കുറിച്ച് എഐഎഡിഎംകെ സര്‍ക്കാര്‍ മൂന്നു തവണയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ചതെന്നും പനീര്‍സെല്‍വം പറഞ്ഞു. എന്നാല്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സ്തിതിഗതികള്‍ മാറി. കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി, സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പ്പര്യം ഡിഎംകെ സര്‍ക്കര്‍ മറക്കുകയാണെന്നും പനീല്‍സെല്‍വം ആരോപിച്ചു. 

മൂന്ന്ഷട്ടറുകൾ അടച്ചു

അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ തുറന്നുവെച്ചിരുന്ന മൂന്ന് സ്പില്‍വേ ഷട്ടറുകൾ അടച്ചു. ബാക്കി മൂന്നെണ്ണം 50 സെന്റിമീറ്റർ ആയി കുറച്ചു. രാവിലെ 8 മണിക്കാണ് ഷട്ടറുകൾ അടച്ചത്. 1,5,6 ഷട്ടറുകളാണ് അടച്ചത്. 2,3,4 ഷട്ടറുകൾ 50 സെൻ്റീ മീറ്റർ വീതമാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com