ഏഴടി നീളമുള്ള ടെലിയ ഭോല, 75 കിലോ തൂക്കം!; ഒറ്റ മത്സ്യത്തെ വിറ്റ് ലക്ഷാധിപതിയായി മത്സ്യത്തൊഴിലാളി 

ഒറ്റ മീനിന്റെ വിൽപനയിലൂടെ 36 ലക്ഷം രൂപയാണ് ലഭിച്ചത്
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

കൊൽക്കത്ത: വലയിൽ കുടുങ്ങിയ ഒറ്റ മത്സ്യത്തെ വിറ്റ് ലക്ഷാധിപതിയായിരിക്കുകയാണ് മത്സ്യത്തൊഴിലാളിയായ ബികാഷ് ബർമൻ. ഏഴടി നീളമുള്ള ടെലിയ ഭോല എന്ന മീനാണ് ബികാഷിന്റെയും സംഘത്തിന്റെയും വലയിൽ കുടുങ്ങിയത്. 75 കിലോഗ്രാമിനു മുകളിൽ ഭാരമുണ്ടായിരുന്ന മത്സ്യത്തെ കിലോയ്ക്ക് 49,300 രൂപയ്ക്കാണ് വിറ്റത്. പശ്ചിമബംഗാളിലെ സുന്ദർബനിലുള്ള മത്സ്യത്തൊഴിലാളിയാണ് ബികാഷ്.

മീൻപിടിക്കാനിറങ്ങിയപ്പോൾ വലയിൽ കാര്യമായൊന്നു കിട്ടാഞ്ഞതിനാൽ നിരാശയിലായിരുന്നു ബികാഷ്. എന്നാൽ പെട്ടെന്നാണ് വലയിൽ വലിയ ഒരു മീൻ കുടുങ്ങിയത്. വലിച്ചുനോക്കിയപ്പോൾ ടെലിയ ഭോല ഇനത്തിൽപ്പെട്ട വമ്പൻ മത്സ്യത്തെക്കണ്ട് ബികാഷും കൂട്ടരും ആശ്ചര്യപ്പെട്ടു. ടെലിയ ഭോല മത്സ്യങ്ങളെ സാധാരണയായി ലഭിക്കാറുണ്ടെങ്കിലും ഇത്രവലിയ ഒന്ന് വലയിൽ കുടുങ്ങുന്നത് അത്യപൂർവമാണ്. അതുകൊണ്ടുതന്നെ മീനുമായി കരയിലെത്താൻ കഠിനപരിശ്രമം തന്നെ വേണ്ടിവന്നു. 

ടെലിയ ഭോല മത്സ്യത്തിന്റെ മാംസം ഭക്ഷണത്തിനായി എടുക്കുന്നതിന് പുറമേ ഇവയുടെ വയറ്റിൽ നിന്നും ശേഖരിക്കുന്ന ചില വസ്തുക്കൾ മരുന്നു നിർമാണത്തിനായും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് ഇവയ്ക്ക് വിപണിയിൽ ആവശ്യക്കാരേറെ. കൊൽക്കത്തയിലെ കെഎംപി എന്ന സംഘടനയാണ് മീൻ സ്വന്തമാക്കിയത്. ഒറ്റ മീനിന്റെ വിൽപനയിലൂടെ 36 ലക്ഷം രൂപയാണ് ബികാഷിനും സംഘത്തിനും ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com