പെട്രോളിന് നാലു രൂപയും ഡീസലിന് 5 രൂപയും കുറയും; ഇന്ധന നികുതി കുറച്ച് രാജസ്ഥാന്‍ സര്‍ക്കാരും; പുതിയ വില പ്രാബല്യത്തില്‍

ഇന്ധന നികുതിയില്‍ വരുത്തിയ കുറവ് രാജസ്ഥാന് വര്‍ഷം 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു
ഫയൽ ചിത്രം
ഫയൽ ചിത്രം

ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യവര്‍ധിത നികുതിയില്‍ കുറവു വരുത്തി. പെട്രോളിന് ലീറ്ററിന് 4 രൂപയും, ഡീസലിന് 5 രൂപയുമാണ് രാജസ്ഥാന്‍ കുറച്ചത്. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി കുറച്ച സാഹചര്യത്തിലാണ് തീരുമാനം.

ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ വില ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന നികുതിയില്‍ വരുത്തിയ കുറവ് രാജസ്ഥാന് വര്‍ഷം 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ വില കുറച്ച സാഹചര്യത്തില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് നേരത്തെ നികുതി കുറച്ചിരുന്നു. 
സംസ്ഥാനത്ത് ഇടതു സര്‍ക്കാരിനെതിരെ സമരമുഖത്തുള്ള കോണ്‍ഗ്രസിന് പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ തീരുമാനം ഊര്‍ജ്ജം പകരും. 

നവംബര്‍ മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വിലയില്‍ കുറവ് വരുത്തിയിരുന്നു. എന്നാല്‍ നികുതിയില്‍ കുറവ് വരുത്താനാകില്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com