ആന്ധ്രയിലെ റായലചെരുവു റിസര്‍വോയറില്‍ വിള്ളല്‍; 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു; ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നാണ് റായലചെരുവു റിസർവോയർ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റായലചെരുവു റിസര്‍വോയറില്‍ വിള്ളല്‍. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 20 ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ജില്ലാ കളക്ടര്‍ എം ഹരിനാരായണ അറിയിച്ചു. 

500 വര്‍ഷം പഴക്കമുള്ളതാണ് റായലചെരുവു റിസര്‍വോയര്‍. തിരുപ്പതിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രാമചന്ദ്ര മണ്ഡലിലാണ് റിസര്‍വോയര്‍.  ഞായറാഴ്ച രാവിലെയാണ് റിസര്‍വോയറില്‍ നിന്നും ജലം ലീക്ക് ചെയ്ത് പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. 

ഉടന്‍ തന്നെ നാട്ടുകാര്‍ അധികാരികളെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രത്യേക ഓഫീസര്‍ പി എസ് പ്രദ്യുമ്‌ന, ജില്ല കളക്ടര്‍ ഹരിനാരായണ, തിരുപ്പതി എസ്പി സി എച്ച് വെങ്കട അപ്പാല നായിഡു, റവന്യൂ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നാണിത്. 

റിസര്‍വോയറില്‍ 0.9 ടിഎംസി വെള്ളമാണ് ഇപ്പോഴുള്ളതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 0.6 ടിഎംസി ജലമാണ് റിസര്‍വോയറിന്റെ അനുവദനീയമായ കപ്പാസിറ്റി. കനത്ത മഴയെത്തുടര്‍ന്നാണ് അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നത്. തിരുപ്പതിക്ക് സമീപം സ്വകാര്യ എഞ്ചീനിയറിങ് കോളജ്, സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലാണ് ഒഴിപ്പിച്ച ഗ്രാമവാസികള്‍ക്കായി അധികൃതര്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com