വിവേകാനന്ദ പാറയുടെ ആദ്യ പേര്?, ആറായിരം വര്‍ഷം പഴക്കം, ചുറ്റിലും കുളങ്ങള്‍, 'ഏഴ് കൊടുമുടികളുടെ അമ്മ';  ഇന്ത്യയിലെ 51 ശക്തിപീഠങ്ങളുടെ കഥ, ഭാഗം- മൂന്ന്

51 ശക്തിപീഠങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ മൂന്നാം ഭാഗം
ഭദ്രകാളി ശക്തി പീഠം, കുരുക്ഷേത്ര, ഹരിയാന
ഭദ്രകാളി ശക്തി പീഠം, കുരുക്ഷേത്ര, ഹരിയാന

ന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ശക്തിപീഠങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ അവതാരമായ കാലഭൈരവനും ആദിപരാശക്തിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്താല്‍ ഛേദിക്കപ്പെട്ട സതിയുടെ ശരീരഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളാണ് ശക്തി പീഠങ്ങള്‍. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം ശക്തി പീഠങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാന്‍, നേപ്പാള്‍, തിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലായി ശക്തിപീഠങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. കശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി ആദിപരാശക്തിയെ ആരാധിക്കുന്നു. 51 ശക്തിപീഠങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ മൂന്നാം ഭാഗം:

23. ദേവി നര്‍മ്മദ ശക്തി പീഠം

മധ്യപ്രദേശ് അനുപൂര്‍ ജില്ലയിലെ അമര്‍കണ്ടകിന് സമീപമാണ് ക്ഷേത്രം. ഭൈരവ അവതാരമായ ഭദ്രസേനാനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. വിന്ധ്യ സത്പുര മലകള്‍ക്ക് ഇടയിലാണ് ക്ഷേത്രം. ആറായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രം കുളങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 100 പടികളുള്ള വെള്ളക്കല്ല് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍, വിഗ്രഹം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. പ്ലാറ്റ്‌ഫോം വെള്ളിയാണ്. ദേവന്മാര്‍ വസിക്കുന്ന സ്ഥലമാണ് അമര്‍കണ്ടക് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ആരെങ്കിലും മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നാണ് വിശ്വാസം. 

ഒക്ടോബര്‍ ഫെബ്രുവരി കാലയളവിലാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ നല്ല സമയം. 231 കിലോമീറ്റര്‍ അകലെയുള്ള ജബല്‍പൂര്‍ വിമാനത്താവളമാണ് അരികില്‍. ഛത്തീസ്ഗഡിലെ പെന്‍ട്രയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. 

24 ദേവി മംഗള്‍ ചണ്ഡിക ശക്തി പീഠം

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ക്ഷേത്രം. സതിദേവിയുടെ മുട്ടുകൈ  പതിച്ച സ്ഥലമാണിത്. കപിലാംബരനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ഹര്‍സിദ്ധി മാതാ ക്ഷേത്രത്തെ ചുവന്ന മേല്‍ക്കൂരയും ശിഖരവും കൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.സകല സൃഷ്ടികളെയും പരിപോഷിപ്പിക്കുന്ന അമ്മദേവിയായ അന്നപൂര്‍ണ്ണയായി സതിയെ ഇവിടെ ആരാധിക്കുന്നു. വിഗ്രഹം ഇരുണ്ടതും സിന്ദൂരം ചാര്‍ത്തിയതുമാണ്. ശ്രീകോവിലിലേക്ക് നയിക്കുന്ന ക്ഷേത്രമണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ 50 മാതൃകാ ചിത്രങ്ങളുണ്ട്. അകത്ത്, അന്നപൂര്‍ണ, ഹരസിദ്ധി, കാളി എന്നിവരുടെ വിഗ്രഹങ്ങള്‍ ഒന്നൊന്നായി സ്ഥാപിച്ചിരിക്കുന്നു.

നവരാത്രിയും മഹാശിവരാത്രിയുമാണ് വിശേഷ ദിവസങ്ങള്‍.ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം സന്ദര്‍ശനത്തിന് അനുകൂലമായ സമയമാണ്.ഇന്‍ഡോറാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജയിനാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

25. ദേവി ദന്തേശ്വരി ശക്തി പീഠം

ഛത്തീസ്ഗഡിലെ ബസ്തറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവിയുടെ പല്ലുകള്‍ പതിച്ച സ്ഥലമാണിത്. ഭൈരവ അവതാരമായ കപാല്‍ ഭൈരവയാണ് മറ്റൊരു ആരാധനാമൂര്‍ത്തി. ദന്തേവാഡയില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഇടതൂര്‍ന്ന വനപ്രദേശത്തിലാണ് ക്ഷേത്രം.  പ്രവേശന കവാടത്തില്‍ ഒരു ഗരുഡസ്തംഭം കാവല്‍ നില്‍ക്കുന്നു. 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ദേവിയാണ് ബസ്താറിന്റെ പ്രധാന ദൈവം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ഈ പ്രദേശം ഭരിച്ചിരുന്ന കാകതിയരാണ് ദേവിയെ ആരാധിച്ച് തുടങ്ങിയത്. ജ്യോതി കലശങ്ങള്‍ കത്തിക്കുന്നത് ഇവിടെ ഒരു പാരമ്പര്യമാണ്. 

മഞ്ഞുകാലവും മണ്‍സൂണിന്റെ അവസാന ഘട്ടങ്ങളും ഇവിടെ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയമാണ്. ജഗ്ദാല്‍പൂര്‍ വിമാനത്താവളമാണ് ക്ഷേത്രത്തിന് തൊട്ടരികിലുള്ള വിമാനത്താവളം. ജഗദാല്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് തൊട്ടരികിലുള്ള റെയില്‍വേ സ്‌റ്റേഷന്‍.

പടിഞ്ഞാറ്


26. ഭ്രമരി ദേവി ശക്തി പീഠം

മഹാരാഷ്ട്ര നാസിക് പഞ്ചവടി ത്രയംബകേശ്വറിലാണ് ക്ഷേത്രം. വികൃതാക്ഷ രൂപത്തിലാണ് ഭൈരവമൂര്‍ത്തി. 10 അടി ഉയരമുള്ള, സിന്ദൂരം പൂശിയ ദേവിയുടെ വിഗ്രഹത്തില്‍ 18 കൈകളാണുള്ളത്. ആയുധങ്ങളേന്തിയ ദേവി പര്‍വത മുഖത്ത് സ്വയം പ്രത്യക്ഷപ്പെട്ടതാണെന്നാണ് വിശ്വാസം.  നാസിക്കിനടുത്തുള്ള വാണി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴ് പര്‍വതശിഖരങ്ങളാണ് ദേവിയുടെ വാസസ്ഥലം എന്നാണ് വിശ്വാസം. അതിനാല്‍ ഏഴ് കൊടുമുടികളുടെ അമ്മ എന്നും അറിയപ്പെടുന്നു. 

ഒക്ടോബര്‍ മാര്‍ച്ച് കാലയളവിലാണ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. 12 വര്‍ഷം കൂടുമ്പോള്‍ കുംഭമേള നടക്കുന്നതാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. നാസിക്കാണ് തൊട്ടടുത്തുള്ള വിമാനത്താവളം. 24 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. നാസിക്ക് തന്നെയാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

27. ചന്ദ്രഭാഗ ശക്തി പീഠം

ഗുജറാത്തിലെ ഗിര്‍ന കുന്നില്‍ പ്രഭാസിലാണ് ക്ഷേത്രം. വക്രതുണ്ട ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. ചന്ദ്രദേവിയാണ് ഇവിടത്തെ സങ്കല്‍പ്പം. ഹിറാന്‍, കപില, സരസ്വതി എന്നി മൂന്ന് പുണ്യ നദികള്‍ കൂടിച്ചേരുന്ന ഭാഗത്താണ് ശക്തി പീഠം. സോമനാഥ ക്ഷേത്രത്തിനടുത്താണ് യഥാര്‍ഥ ക്ഷേത്രമെന്നാണ് ഒരു വിഭാഗം വിശ്വാസികള്‍ വിശ്വസിക്കുന്നത്.  ജുനഗഡിലെ വെരാവല്‍ പട്ടണത്തിലെ ഗിര്‍നാര്‍ പര്‍വതത്തിന് മുകളിലുള്ള അംബ മാതാ ക്ഷേത്രമാണെന്ന് മറ്റ് ചിലരും വിശ്വസിക്കുന്നു.

നവരാത്രിക്കും ശിവരാത്രിക്കുമാണ് ഇവിടെ വിശേഷം. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ വേരാവല്‍ ആണ്. 57 കിലോമീറ്റര്‍ അകലെയുള്ള കഷോദാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

28. ദേവി അംബാജി ശക്തി പീഠം

ഗുജറാത്തിലെ ബനസ്‌കന്തയിലാണ് ക്ഷേത്രം. ബതുക് ഭൈരവ ഭാവത്തിലാണ് ഭൈരവന്‍ കുടിക്കൊള്ളുന്നത്. ദന്തതലുകയില്‍ സ്ഥിതി ചെയ്യുന്ന ഗബ്ബാര്‍ കുന്നുകളിലാണ്  അംബാജി ദേവിയുടെ ക്ഷേത്രം. ക്ഷേത്രത്തില്‍ വിഗ്രഹമില്ല. ഓരോ ദിവസവും വ്യത്യസ്ത വാഹനം ഉപയോഗിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണിത്. ഞായറാഴ്ച കടുവ, തിങ്കളാഴ്ച നന്ദി, ചൊവ്വാഴ്ച സിംഹം, ബുധനാഴ്ച ഐരാവത്, വ്യാഴാഴ്ച ഗരുഡ, വെള്ളിയാഴ്ച ഹംസം, ശനിയാഴ്ച ആന. ചഞ്ചാര്‍ ചൗക്ക് മുതല്‍ ഗബ്ബാര്‍ ഹില്‍ വരെ ദീപം തെളിയുന്നത് കാണാം.

സെപ്റ്റംബര്‍ ഒക്ടോബര്‍ കാലയളവിലും മഞ്ഞുകാലത്തുമാണ് ക്ഷേത്രത്തില്‍ പോകാന്‍ നല്ല സമയം. 180 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദ് വിമാനത്താവളമാണ് വിമാനമാര്‍ഗം ക്ഷേത്രത്തില്‍ എത്താന്‍ എളുപ്പമാര്‍ഗം. മൗണ്ട് അബുവാണ് തൊട്ടരികിലെ റെയില്‍വേ സ്‌റ്റേഷന്‍. 45 കിലോമീറ്ററാണ് ദൂരം.

തെക്ക്


29. കന്യാശ്രമം ശക്തി പീഠം

തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ക്ഷേത്രം. സതിദേവിയുടെ നട്ടെല്ല് വീണ സ്ഥലമാണിത്. നിമിഷയാണ് ഭൈരവ പ്രതിഷ്ഠ. ഇന്ത്യയുടെ തെക്കേ അറ്റത്ത്, കടലിനാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ കുന്നിന് മുകളിലാണ് ക്ഷേത്രം. സര്‍വ്വാനി (ശിവന്റെ ഭാര്യ) ആണ് പ്രതിഷ്ഠ. പ്രശസ്തമായ സ്വാമി വിവേകാനന്ദ പാറയെ ആദ്യം വിളിച്ചിരുന്നത് ശ്രീപാദപാറൈ എന്നാണ്. അതില്‍ ദേവിയുടെ പവിത്രമായ പാദങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടല്‍, അറേബ്യന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നി മൂന്ന് സമുദ്രങ്ങള്‍ കൂടിച്ചേരുന്ന ഘട്ടുകളില്‍ മുങ്ങി കുളിക്കുന്നത് ഐശ്വര്യമാണ് എന്ന് കരുതുന്നു. തീരത്ത് 25 തീര്‍ത്ഥങ്ങളുണ്ട്.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ദര്‍ശനം നടത്താന്‍ പറ്റിയ സമയം. 67 കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരം വിമാനത്താവളമാണ് തൊട്ടരികില്‍. കന്യാകുമാരി റെയില്‍വേ സ്‌റ്റേഷനാണ് ട്രെയിന്‍ മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇറങ്ങേണ്ട സ്ഥലം.

30. ചാമുണ്ഡേശ്വരി ദേവി ശക്തി പീഠം

കര്‍ണാടകയിലെ മൈസൂരിലാണ് ക്ഷേത്രം. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മൈസൂരിന്റെ പ്രാന്തപ്രദേശത്തുള്ള മനോഹരമായ ചാമുണ്ഡി കുന്നുകളിലാണ് ചാമുണ്ഡേശ്വരി ശക്തി പീഠം.ശക്തരായ അസുരന്മാരായ ശുംഭ, നിശുംഭന്‍ എന്നിവരുടെ സേനാനായകന്മാരായ ചന്ദ, മുണ്ട എന്നിവരെ പരാജയപ്പെടുത്തിയതിനാലാണ് ചാമുണ്ഡി ദേവിക്ക് ഈ പേര് ലഭിച്ചത്. 

മൈസൂര്‍ രാജകുടുംബത്തിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. നല്ല ആരോഗ്യത്തിനും സന്താനങ്ങളുടെ ജനനത്തിനുമായി ആരാധിക്കപ്പെടുന്ന ഏഴ് അമ്മ ദേവതകളുടെ കൂട്ടമായ സപ്തമാതൃകകളിലൊന്നാണ് ദേവി ചാമുണ്ഡി. 

ദസറയാണ് ക്ഷേത്രത്തിലെ ഉത്സവം.വര്‍ഷം മുഴുവനും, പ്രത്യേകിച്ച് ഒക്ടോബറാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 160 കിലോമീറ്റര്‍ അകലെയുള്ള ബംഗളൂരുവാണ് തൊട്ടടുത്തുളള വിമാനത്താവളം. മൈസൂരാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍

31. ഇന്ദ്രാക്ഷി ശക്തി പീഠം

ശ്രീലങ്കയിലെ മണിപ്പല്ലവത്താണ് ക്ഷേത്രം. സതിദേവിയുടെ കണങ്കാലുകള്‍ പതിച്ച സ്ഥലമാണിത്. ക്ഷാശ്വരന്‍/നൈനാര്‍ ആണ് ഭൈരവ മൂര്‍ത്തി. ഇവിടെയുള്ള ദേവിയെ പാര്‍വ്വതിയായി ആരാധിക്കുന്നു. ഐതിഹ്യം അനുസരിച്ച്, ക്ഷേത്രം ഇന്ദ്രന്‍ പ്രതിഷ്ഠിക്കുകയും രാമനും രാവണനും ആരാധിക്കുകയും ചെയ്തു. ദേവിയെ ഇന്ദ്രാക്ഷി എന്ന പേരിലും ആരാധിക്കുന്നു. 

വര്‍ഷം മുഴുവനും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമാണ്. ജാഫ്‌നയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.


32.കാമാക്ഷി അമ്മന്‍ ശക്തി പീഠം


തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് ക്ഷേത്രം. ദേവിയുടെ പൊക്കിള്‍ പതിച്ച സ്ഥലമാണിത്. ഭൈരവ അവതാരമായ വിശ്വേഷിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. കാഞ്ചീപുരത്ത് പോളാര്‍ നദിക്കരയിലാണ് പല്ലവ രാജവംശം ഈ ദേവാലയം നിര്‍മ്മിച്ചത്. ദേവിയെ ഒരു യന്ത്രത്തിന്റെ രൂപത്തിലാണ് ആരാധിക്കുന്നത്. ആദിശങ്കരാചാര്യരുടെ 18 മഹാപീഠങ്ങളുടെ പട്ടികയില്‍ ഒന്നാണ് കാഞ്ചീപുരം. ഇതിനെ രക്ഷയുടെ നഗരമായി കണ്ട്  മോക്ഷപുരി എന്ന് വിളിച്ചും ആരാധിക്കുന്നു. പുരാണഗ്രന്ഥങ്ങളില്‍ കാഞ്ചീപുരവും കാശിയും ശിവന്റെ കണ്ണുകളാണ്. 

സെപ്റ്റംബര്‍ -ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ചെന്നൈയാണ് (75 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം. കാഞ്ചീപുരമാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com