ഓര്‍ഡര്‍ ഡാര്‍ക് വെബിലൂടെ ; ഇടപാട് ക്രിപ്‌റ്റോകറന്‍സി വഴി ; ആഡംബരക്കപ്പല്‍ ലഹരിപ്പാര്‍ട്ടിയില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കപ്പൽ ഉടമയ്ക്ക് എൻസിബി നോട്ടീസ് അയച്ചു
ആര്യൻ ഖാൻ എൻസിബി കസ്റ്റഡിയിൽ / പിടിഐ ചിത്രം
ആര്യൻ ഖാൻ എൻസിബി കസ്റ്റഡിയിൽ / പിടിഐ ചിത്രം

മുംബൈ : ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ ആഡംബരക്കപ്പല്‍ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ മയക്കുമരുന്ന് ഇടനിലക്കാരന്‍ ശ്രേയസ്സ് നായര്‍ പണം കൈപ്പറ്റിയിരുന്നത് ക്രിപ്‌റ്റോ കറന്‍സി വഴിയാണെന്ന് നാര്‍ക്കോട്ടിക് കണ്ടട്രോള്‍ ബ്യൂറോ. ഡാര്‍ക് വെബ് വഴി രഹസ്യമായി ഓര്‍ഡര്‍ സ്വീകരിച്ചശേഷം, ബിറ്റ്‌കോയിന്‍ വഴിയായിരുന്നു ഇടപാട് നടത്തിയിരുന്നത്. 

ആംഡംബര കപ്പലില്‍  യാത്ര ചെയ്ത 25 പേര്‍ക്ക് ഇയാള്‍ ലഹരിമരുന്ന് കൈമാറിയെന്നാണു സൂചന. ശ്രേയസ് നായര്‍ ലഹരികടത്തുരംഗത്തെ സജീവസാന്നിദ്ധ്യമാണെന്നും എന്‍സിബി പറയുന്നു. ആര്യനും അര്‍ബാസ് മെര്‍ച്ചന്റുമായി പരിചയമുള്ള ശ്രേയസ് ഇവര്‍ക്കൊപ്പം വിരുന്നുകളില്‍ പങ്കെടുക്കാറുണ്ട്. 

ആഡംബര കപ്പലില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം ശ്രേയസ്സ് നായര്‍ പിന്‍മാറുകയായിരുന്നെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ആര്യന്റെയും അര്‍ബാസിന്റെയും വാട്‌സാപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ശ്രേയസിലേക്ക് എന്‍സിബിയെ നയിച്ചത്. ശ്രേയസ്സിനെയും ആര്യൻ ഖാനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എൻസിബിയുടെ പദ്ധതി. 

ആര്യനും സുഹൃത്തുക്കള്‍ക്കും ലഹരിമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു. മൊബൈല്‍ ചാറ്റുകള്‍, ചിത്രങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിങ്ങനെ ഒട്ടേറെ രേഖകള്‍ കണ്ടെത്തിയതായും എന്‍സിബി വ്യക്തമാക്കി. 

അതിനിടെ ആഡംബരക്കപ്പല്‍ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് രണ്ടു പേരെകൂടി എന്‍സിബി അറസ്റ്റ് ചെയ്തു. കപപ്ലിലെ റെയ്ഡിനിടെ പിടികൂടിയ ഒരാളും ജോഗേശ്വരി സ്വദേശിയായ മയക്കുമരുന്ന് വ്യാപാരിയുമാണ് അറസ്റ്റിലായത്. 

കപ്പലിന്റെ ഉടമകൾ, കപ്പൽ ഗോവയ്ക്ക് ചാർട്ടർ ചെയ്തെടുത്ത ഡൽഹി ആസ്ഥാനമായ സ്ഥാപനം, ലഹരി വിരുന്ന് സംഘടിപ്പിച്ചവർ തുടങ്ങി കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്.ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കപ്പൽ ഉടമയ്ക്ക് എൻസിബി നോട്ടീസ് അയച്ചു. 

കപ്പലിലെ ലഹരിവിരുന്നിൽ പങ്കെടുത്ത കേസിൽ ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ 8 പേരെയും വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com