ലഖിംപൂരിലേക്ക് രാഹുല്‍ ഗാന്ധിയും; ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി തേടിയതായി കോണ്‍ഗ്രസ് 

കര്‍ഷക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹന വ്യൂഹം പാഞ്ഞുകയറി നിരവധി കര്‍ഷകര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപൂരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

ലക്‌നൗ: കര്‍ഷക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹന വ്യൂഹം പാഞ്ഞുകയറി നിരവധി കര്‍ഷകര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപൂരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. നാളെ ഉത്തര്‍പ്രദേശില്‍ പോകാന്‍ രാഹുല്‍ ഗാന്ധി യോഗി സര്‍ക്കാരിന്റെ അനുമതി തേടിയതായി കോണ്‍ഗ്രസ് അറിയിച്ചു. രാഹുല്‍ അടങ്ങുന്ന അഞ്ചംഗ സംഘത്തിന് ലഖിംപൂരില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാരിന കത്തയച്ചതായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

അതിനിടെ ലഖിംപൂര്‍ ഖേരിയിലേക്ക് പോയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ യുപി പൊലീസ് തടഞ്ഞു. ലഖ്നൗ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെയും സംഘത്തെയും തടയുകയായിരുന്നു. തുടര്‍ന്ന് ഭൂപേഷ് ബാഗേല്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. താന്‍ സീതാപൂരില്‍ പ്രിയങ്ക ഗാന്ധിയെ കാണാനാണ് എത്തിയതെന്നും എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും ബാഗേല്‍ പറഞ്ഞു. കഴിഞ്ഞദിവസം, ബാഗേലിന്റെ വിമാനത്തിന് ലഖ്നൗവില്‍ ഇറങ്ങാന്‍ യുപി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. 

അതേസമയം, ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയപ്പോള്‍, യുപി പൊലീസ് കസ്റ്റഡിയിലെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ 28 മണിക്കൂറായി താന്‍ യുപി പൊലീസിന്റെ തടങ്കലില്‍ ആണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് തന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സമാധാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com