ബിസിനസുകാരന്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍,  പൊലീസ് അന്വേഷണം ആത്മഹത്യയില്‍ നിന്ന് കൊലപാതകത്തിലേക്ക്; ഭാര്യയും മക്കളും പിടിയില്‍, ചുരുളഴിച്ചത് ഇങ്ങനെ 

കാറില്‍ ബിസിനസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് കര്‍ണാടക പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കാറില്‍ ബിസിനസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് കര്‍ണാടക പൊലീസ്. ഭാര്യയും രണ്ടുമക്കളും സഹോദരനും ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ കൊലപാതകമാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

സെപ്റ്റംബര്‍ 28ന് ശിവമോഗയിലെ ഹുനസേക്കോപ്പ വനമേഖലയിലാണ് കാറില്‍ 45കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇത് ആത്മഹത്യയായിരിക്കുമെന്നാണ് പൊലീസ്് കരുതിയത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കേസിന്റെ ചുരുളഴിയുകയായിരുന്നു.

കാറിന്റെ ചേസ് നമ്പറാണ് കേസില്‍ ആദ്യം തുമ്പായി മാറിയത്. ഇതിലൂടെ ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഡിഎന്‍എ ടെസ്റ്റിലൂടെ 45കാരനായ ബിസിനസുകാരന്‍ വിനോദാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബിസിനസില്‍ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് വിനോദ് അസ്വസ്ഥനായിരുന്നു എന്നാണ് വീട്ടുകാര്‍ ആദ്യം നല്‍കിയ മൊഴി. വീട്ടുകാരുടെ മൊഴിയില്‍ അസ്വാഭാവികമായി ഒന്നും തോന്നാതിരുന്ന പൊലീസ് ആത്മഹത്യയായിരിക്കുമെന്ന നിഗമനത്തില്‍ കേസ് അവസാനിക്കാന്‍ തുടങ്ങുമ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായത്.

തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവുണ്ട് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് നിര്‍ണായകമായത്. തലയില്‍ ആഴത്തിലുള്ള മുറിവേറ്റ് മരണം സംഭവിച്ച വിനോദിന്റെ മൃതദേഹം പിന്നീട് കത്തിക്കുകയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിനിടെ ഭാര്യ ബിനുവിന്റെയും രണ്ടുമക്കളുടെയും മൊഴികള്‍ തമ്മിലുള്ള പൊരുത്തക്കേട് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് 45കാരന്റെ മരണകാരണം വ്യക്തമായത്.

ചോദ്യം ചെയ്യലില്‍ ബിനുവും രണ്ടുമക്കളും കുറ്റസമ്മതം നടത്തി. വിനോദിന്റെ സഹോദരന്‍ സഞ്ജയും മറ്റൊരു ബന്ധുവും കൃത്യത്തില്‍ പങ്കാളികളായതായും അന്വേഷണത്തില്‍ കണ്ടെത്തി. വിനോദിന്റെ വിവാഹേതര ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സ്ഥലം വിറ്റ് ലഭിച്ച 51 ലക്ഷത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 51ലക്ഷം രൂപ തനിക്ക് ബന്ധമുള്ള മറ്റൊരു സ്ത്രീക്ക് നല്‍കണമെന്ന ആവശ്യത്തില്‍ വിനോദ് ഉറച്ചുനിന്നു. തര്‍ക്കത്തിനിടെ, മകന്‍ വിവേക് വിനോദിന്റെ തലയ്ക്ക് ഇരുമ്പുവടി കൊണ്ട് അടിച്ചു. വിനോദ് തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

വിനോദിന്റെ വിവാഹേതര ബന്ധം അറിയാവുന്ന സഹോദരന്‍ സഞ്ജയ് കുടുംബത്തിന്റെ രക്ഷയ്ക്ക് എത്തി. പെട്രോള്‍ കൊണ്ടുവരാന്‍ വീട്ടുകാരോട് സഞ്ജയ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വനത്തിലേക്ക് വിനോദിന്റെ കാര്‍ ഓടിച്ചു. അവിടെ വച്ച് വിനോദിന്റെ മൃതദേഹം ഡ്രൈവര്‍ സീറ്റില്‍ വച്ചു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ കാറിന് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com