ലഖിംപൂര്‍ സംഘര്‍ഷം : ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവ അന്വേഷണ കമ്മീഷന്‍; രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം

നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താൻ ആരോപണവിധേയനായ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു
എഎൻഐ ചിത്രം
എഎൻഐ ചിത്രം

ലഖ്‌നൗ : യുപിയിലെ ലഖിംപൂര്‍ ഖേരി കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ ഏകാംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചു. അലഹാബാദ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണ കമ്മീഷന്‍. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് യുപി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

അന്വേഷണ കാലയളവില്‍ മറ്റൊരു സര്‍ക്കാര്‍ പദവികളും വഹിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഖിംപൂര്‍ ഖേരിയായിരിക്കും കമ്മീഷന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. ഒക്ടോബര്‍ മൂന്നിന് ലഖിംപൂരില്‍ കര്‍ഷകരുടെ മരണത്തിനിടയാക്കിയ എല്ലാ സംഭവങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതിനിടെ, ലഖിംപൂര്‍ സംഭവത്തില്‍ നീതി നടപ്പാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ നീതി അവകാശമാണ്. നീതിക്കു വേണ്ടിയുള്ള തന്റെ പോരാട്ടം ഇനിയും തുടരും. ലഖിംപൂരില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയെല്ലാം സന്ദര്‍ശിച്ചു. 

എല്ലാവരും നീതി കിട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. ലഖിംപൂരില്‍ ഈ അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് എവിടെയായിരുന്നു എന്നും പ്രിയങ്ക ചോദിച്ചു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തുന്നതിനായി ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് കുമാര്‍ മിശ്ര തേനി രാജിവെക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com