കല്‍ക്കരി പ്രതിസന്ധി; മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: കല്‍ക്കരി പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ ചര്‍ച്ചയായി. എന്‍ടിപിസിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. പവര്‍ പ്ലാന്റുകളില്‍ കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടണ്‍ സ്റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു. ഡല്‍ഹി ഗുരുതര ഊര്‍ജ പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

അതേസമയം നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനൗദ്യോഗിക പവര്‍ കട്ട് തുടരുകയാണ്. കേന്ദ്ര വിഹിതം കുറഞ്ഞതാണ് പലയിടത്തും പ്രശ്നമായത്. രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉല്‍പാദനലും കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരി വിലയും ഉയര്‍ന്നു. കനത്ത മണ്‍സൂണ്‍ മഴയും ഉയര്‍ന്ന വൈദ്യുതി ഉപയോഗവുമാണ് കല്‍ക്കരി ക്ഷാമത്തിന്റെ പ്രധാന കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com