'അച്ഛനും അമ്മയ്ക്കും എന്റെ ഹെയര്‍ സ്റ്റൈല്‍ പോലും ഇഷ്ടമല്ല'; തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിര്‍മ്മിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഭോപ്പാല്‍: തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ 16കാരനാണ് ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കിയത്. മധ്യപ്രദേശ് സര്‍ക്കാറിനും കത്തെഴുതിയാണ് ആത്മഹത്യ. തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്നും ഗായകന്‍ അര്‍ജിത് സിങ് തന്നെ ഗാനം ആലപിക്കണമെന്നുമാണ് ആവശ്യം. തന്റെ അവസാന ആഗ്രഹം പ്രധാനമന്ത്രി നടത്തിതരണമെന്നും കത്തില്‍ പറയുന്നു.

അജിത് വന്‍ഷ്‌കര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. വലിയ നര്‍ത്തകനായി പേരെടുക്കണമെന്നതായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാല്‍ അത് സാധിക്കാതെ വന്നതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന ധാരണയാണ് മാതാപിതാക്കള്‍ക്ക്. അതുകൊണ്ടു തന്നെ അവര്‍ തന്റെ ഹെയര്‍സ്‌റ്റൈല്‍ പോലും ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും കുട്ടി ആവശ്യപ്പെടുന്നു.

മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അര്‍ജിത് സിങ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ തന്റെ ആത്മാവിന് ശാന്തി കിട്ടൂ. തന്റെ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കണം. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല- കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com