മദ്യപരെ കണ്ടാല്‍ പിടിച്ചു 'കൂട്ടിലിടും'; വേറിട്ട 'ശിക്ഷാരീതി'യുമായി 24 ഗ്രാമങ്ങള്‍

മദ്യപാനികളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഗ്രാമീണരുടെ വിശദീകരണം
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


അഹമ്മദാബാദ്: മദ്യപരെ പിടിച്ച് കൂട്ടിലിടുന്ന ഗ്രാമങ്ങള്‍! ഗുജറാത്തിലെ നാറ്റ് വിഭാഗമാണ് 24 ഗ്രാമങ്ങളില്‍ മദ്യപാനികളെ തടവിലിടുന്നത്. മദ്യപാനികളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഗ്രാമീണരുടെ വിശദീകരണം. തടവിലിടുക മാത്രമല്ല, മദ്യപാനികള്‍ക്ക് പിഴയും ചുമത്തുന്നുണ്ട്. 

അഹമ്മദാബാദ് ജില്ലയിലെ മോട്ടിപുര ഗ്രാമവാസികളാണ് 2019ല്‍ ആദ്യം മദ്യപാനികളെ തടവിലാക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ച അവസ്ഥയില്‍ പിടിക്കപ്പെടുന്ന ആളുകളെ ഒരു രാത്രി തടവിലിടും. 1,200രൂപ പിഴയും ചുമത്തുമെന്ന് ഗ്രാമത്തവലന്‍ ബാബു നായക് പറഞ്ഞു. 

മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എങ്കിലും അനധികൃത മദ്യ വില്‍പ്പനയും കള്ളവാറ്റും സംസ്ഥാനത്ത് സുലഭമാണ്. ഈ സാഹചര്യത്തിലാണ് മദ്യപാനികളെ നിയന്ത്രിക്കാന്‍ നാറ്റ് വിഭാഗം തീരുമാനിച്ചത്. 

'2012ല്‍, മദ്യപാനികള്‍ക്ക് 1,200രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് പ്രയോജനമില്ലെന്ന് മനസ്സിലായി. ഇതേത്തുടര്‍ന്നാണ് മദ്യപാനികളെ തടവിലിടുന്ന ശിക്ഷാ രീതിയിലേക്ക് മാറിയത്'-നായക് പറഞ്ഞു. 

മദ്യപാനികളെ ഒരു രാത്രി തടവില്‍ പാര്‍പ്പിക്കാനായി ഒരു കൂടും ഗ്രാമവാസികള്‍ നിര്‍മ്മിച്ചു. കൂട്ടില്‍ കഴിയുന്നവര്‍ക്ക് ഒരു കുപ്പി വെള്ളം മാത്രമേ നല്‍കുകയുള്ളു. ഈ ശിക്ഷാരീതി നടപ്പാക്കിയതിന് ശേഷം, മദ്യപാനികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഗ്രാമവാസികള്‍ അവകാശപ്പെടുന്നു. 

മദ്യപാനികളുടെ എണ്ണം കുറഞ്ഞതോടെ, ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം കുറഞ്ഞെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആരെങ്കിലും മദ്യപിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഗ്രാമങ്ങളിലെ സ്ത്രീകള്‍ ടിപ്പ് നല്‍കാറുണ്ട്. 

മദ്യപാനികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്‍മയ്ക്ക് വേണ്ടി ചിലവിടുമെന്നും ഇവര്‍ പറയുന്നു. ഈ പിഴത്തുകയില്‍ നിന്ന് വിധവകള്‍ക്കും പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ചെലവിനും നല്‍കാറുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com