രാജ്യത്തിന് സുരക്ഷാഭീഷണി, കുറ്റവാളികള്‍ ഓണ്‍ലൈനില്‍ ഒളിഞ്ഞിരിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ വിപിഎന്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു, അറിയേണ്ടതെല്ലാം 

രാജ്യത്തിന് സുരക്ഷാഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ച് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് സേവനം രാജ്യത്ത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തിന് സുരക്ഷാഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ച് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്( വിപിഎന്‍) സേവനം രാജ്യത്ത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാങ്കേതികമായി നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിപിഎന്‍ സര്‍വീസ് രാജ്യത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായും ഇത് നിരോധിക്കണമെന്നും ആഭ്യന്തര കാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.

കുറ്റവാളികള്‍ക്ക് ഓണ്‍ലൈനില്‍ ഒളിച്ചിരിക്കാന്‍ വിപിഎന്‍ സഹായം നല്‍കുന്നു. സൈബര്‍ കുറ്റവാളികള്‍ക്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം ചെയ്യാന്‍ ഇത് അവസരം ഒരുക്കുന്നു. ആര്‍ക്കു വേണമെങ്കിലും എളുപ്പത്തില്‍ ഈ സേവനം ലഭിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആഭ്യന്തര കാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ മിക്ക കമ്പനികളും തങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരത്തിന്റേയും നെറ്റ് വര്‍ക്കുകളുടേയും സംരക്ഷണത്തിനായി വിപിഎന്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുന്നുണ്ട്. കോവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം ജോലികള്‍ സുരക്ഷിതമാക്കുന്നതിനും വിപിഎന്‍ നെറ്റ് വര്‍ക്കുകളെ തന്നെയാണ് കമ്പനികള്‍ ആശ്രയിക്കുന്നത്. ഈ നിര്‍ദേശം വിചിത്രവും തെറ്റായ തീരുമാനമാണെന്നും ഇന്റര്‍നെറ്റ് പോളിസി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

പൊതു ഇന്റര്‍നെറ്റ് സേവനത്തില്‍ സ്വകാര്യ നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കാനുള്ള വഴിയാണ് വിപിഎന്‍. ബാഹ്യഇടപെടലുകള്‍ ഒഴിവാക്കി ഉപയോക്താവിന്റെ സ്വകാര്യതയും രഹസ്യസ്വഭാവവും നിലനിര്‍ത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്. അതുകൊണ്ട് തന്നെ കമ്പനികളും മറ്റും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

പബ്ലിക് വൈ ഫൈ നെറ്റ് വര്‍ക്കില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് മറച്ചുപിടിച്ചുകൊണ്ടാണ് വിപിഎന്‍ പ്രവര്‍ത്തിക്കുന്നത്. വിപിഎന്‍ സ്വന്തം നിലയില്‍ എന്‍ക്രിപ്ഷന്‍ നിര്‍വഹിക്കുന്നുണ്ട്. ലോക്കല്‍ വൈ-ഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ ഉപയോക്താവ് മറ്റൊരു സ്ഥലത്താണ് എന്ന പ്രതീതി സൃഷ്ടിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ലൊക്കേഷന്‍ കണ്ടെത്താന്‍ സാധിക്കാത്തവിധം രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com