ഗോതമ്പിന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കുവര്‍ധന; താങ്ങുവില വര്‍ധിപ്പിച്ചത് കേവലം രണ്ടുശതമാനം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ചെയ്യുന്നതിനിടെ, ഗോതമ്പിന്റെ താങ്ങുവിലയില്‍ നേരിയ വര്‍ധന മാത്രം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ചെയ്യുന്നതിനിടെ, ഗോതമ്പിന്റെ താങ്ങുവിലയില്‍ നേരിയ വര്‍ധന മാത്രം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗോതമ്പിന്റെ താങ്ങുവിലയില്‍ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കുവര്‍ധനയ്ക്കാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. താങ്ങുവിലയില്‍ രണ്ടുശതമാനത്തിന്റെ വര്‍ധന പ്രഖ്യാപിച്ചതോടെ, 100 കിലോഗ്രാം ഗോതമ്പ് 2015 രൂപയ്ക്കാണ് ഇനി കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക.

2022-23 വിപണി വര്‍ഷത്തിലെ റാബി വിളകളുടെ താങ്ങുവിലയാണ് പരിഷ്‌കരിച്ചത്. ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉപഭോഗ രാജ്യമാണ് ഇന്ത്യ. കാര്‍ഷിക മേഖലയ്ക്ക് താങ്ങാവുന്നതിന് വേണ്ടിയാണ് വര്‍ഷംതോറും താങ്ങുവില പ്രഖ്യാപിക്കുന്നത്.

കടുകിന്റെ താങ്ങുവിലയില്‍ 400 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ 100 കിലോഗ്രാം കടുകിന്റെ താങ്ങുവില 5050 രൂപയായി ഉയര്‍ന്നു. നൂറ് കിലോ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് 1008 രൂപയാണ് ചെലവ് വരുന്നതെന്നാണ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്.

കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് താങ്ങുവില നിശ്ചയിക്കുന്നത്. 23 വിളകളാണ് കര്‍ഷകരില്‍ നിന്ന്  കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുന്നത്. ഖാരിഫ്, റാബി സീസണുകളില്‍ വിളയുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com