ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ 'ചെരുപ്പ് പെറുക്കികള്‍' ; വിവാദ പ്രസ്താവനയുമായി ഉമാഭാരതി

ഉമാഭാരതിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപ്പാല്‍ : വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ ചെരുപ്പ് തൂക്കികളാണെന്നാണ് ഉമാ ഭാരതി അഭിപ്രായപ്പെട്ടത്. ഭോപ്പാലിലെ വസതിയില്‍ വെച്ച് ഒബിസി പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. 

താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്നയാളാണ്. 11 വര്‍ഷത്തോളം അധികാരകസേരയില്‍ ഇരുന്നു. ബ്യൂറോക്രസി എന്നാല്‍ എന്താണെന്ന് തനിക്ക് വ്യക്തമായി അറിയാം. ഉദ്യോഗസ്ഥരെന്നാല്‍ രാഷ്ട്രീയക്കാരുടെ ചെരുപ്പ് പെറുക്കികള്‍ മാത്രമാണ്. രാഷ്ട്രീയക്കാരാണ് തീരുമാനങ്ങളെടുക്കുന്നത്. അതിന് ശേഷം മാത്രമാണ് ഫയലുകള്‍ മുന്നോട്ടുള്ള നടപടികള്‍ക്കായി പോകുന്നത്. ഉമാഭാരതി പറഞ്ഞു. 

ഉമാഭാരതിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. ഉമാഭാരതിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ മിശ്ര പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ, ഖേദവും തിരുത്തുമായി ഉമാഭാരതി രംഗത്തെത്തിയിട്ടുണ്ട്. അനുചിതമായ പദപ്രയോഗം നടത്തിയതില്‍ ഖേദമുണ്ട്. എന്നാല്‍ തന്റെ ഉദ്ദേശശുദ്ധി നല്ലതാണ്. തന്റെ അനുഭവത്തില്‍ നല്ല ഉദ്യോഗസ്ഥര്‍, നല്ല രാഷ്ട്രീയക്കാര്‍ക്ക് കൂട്ടും കരുത്തുമാണെന്നും ഉമാ ഭാരതി അഭിപ്രായപ്പെട്ടു. 

ഉമാഭാരതിയുടെ പ്രസ്താവനയെ മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് സക്ലേച്ച തള്ളി. ബ്യൂറോക്രസിയാണ് സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് സക്ലേച്ച അഭിപ്രായപ്പെട്ടു. അതേസമയം ഉമാഭാരതിയുടെ പ്രസ്താവനയില്‍ മധ്യപ്രദേശിലെ ഐഎഎസ്-ഐപിഎസ് അസോസിയേഷനുകള്‍ പ്രതികരിച്ചിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com