ഒറ്റമുണ്ട് മാത്രം, 'അർധനഗ്‌നനായ ഫക്കീർ' വേഷത്തിലേക്ക് ഗാന്ധിജി മാറിയിട്ട് 100 വർഷം 

മുക്കു ചിരപരിചിതമായ രൂപത്തിലേക്കു മഹാത്മാ ഗാന്ധി മാറിയിട്ട് ഇന്നേക്ക് 100 വർഷം
1921 സെപ്റ്റംബറിൽ ഗാന്ധിജി മദ്രാസിലെത്തിയപ്പോൾ/ ഫയൽ ചിത്രം
1921 സെപ്റ്റംബറിൽ ഗാന്ധിജി മദ്രാസിലെത്തിയപ്പോൾ/ ഫയൽ ചിത്രം

52-ാം വയസ്സിലാണ് ഷർട്ടും തലപ്പാവും ഉപേക്ഷിക്കാൻ ഗാന്ധിജി തീരുമാനിച്ചത്. നഗ്‌നതമറയ്ക്കാൻ ഒറ്റമുണ്ട് മാത്രം ഉപയോഗിക്കാൻ ഉറപ്പിച്ചു. തല മുണ്ഡനംചെയ്തു. ഒരുമാസത്തേക്ക് നിശ്ചയിച്ച ഈ വേഷം ഗാന്ധിജി പക്ഷേ ഉപേക്ഷിച്ചില്ല. ജീവിതാവസാനംവരെ അദ്ദേഹം അർധനഗ്‌നനായി തുടർന്നു. അങ്ങനെ നമുക്കു ചിരപരിചിതമായ രൂപത്തിലേക്കു മഹാത്മാ ഗാന്ധി മാറിയിട്ട് 100 വർഷം. 

1921 സെപ്റ്റംബർ 22നാണ് ഗാന്ധിജി തന്റെ വേഷമാറ്റം സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. വിദേശവസ്ത്ര ബഹിഷ്‌കരണ സമരപരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 15-ന് ഗാന്ധിജി മദ്രാസിലെ മറീനാബീച്ചിൽ പൊതുസമ്മേളനത്തിൽ എത്തിയപ്പോഴായിരുന്നു വസ്ത്രവിപ്ലവ തീരുമാനത്തിന് വഴിതുറന്നത്. വിദേശവസ്ത്രം വിൽക്കുന്നതും ധരിക്കുന്നതും ഉപേക്ഷിക്കാൻ സമ്മേളനത്തിനെത്തിയ തൊഴിലാളികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ ആവശ്യത്തിന് ഖാദി കിട്ടുന്നില്ലെന്നും വിലകൂടിയ ഖാദി വാങ്ങാൻ ശേഷിയില്ലെന്നുമായിരുന്നു അവരുടെ മറുപടി. ഇതിന് പരിഹാരമായി വസ്ത്രത്തിന്റെ ആവശ്യം കുറച്ച് ഒറ്റമുണ്ടുടുത്ത് വിദേശവസ്ത്രം ഉപേക്ഷിക്കൂ  എന്നാണ് ​ഗാന്ധിജി അവരെ ഉപദേശിച്ചത്. ഈ മറുപടിക്ക് പിന്നാലെയാണ് തന്റെ വസ്ത്രങ്ങൾ അൽപ്പം കൂടുതലാണെന്ന ചിന്ത ഗാന്ധിജിക്കുണ്ടായത്. അങ്ങനെ ഷർട്ടും തലപ്പാവും ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ‍

ബ്രിട്ടനിൽനടന്ന വട്ടമേശസമ്മേളനത്തിലും ഇതേ വേഷത്തിലാണ് ഗാന്ധിജി പങ്കെടുത്തത്. ബക്കിങ്ങാം കൊട്ടാരത്തിലും ധരിച്ചത് അതേ വേഷം. ഇതിൽ അസ്വസ്ഥനായ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ 'അർധനഗ്‌നനായ ഫക്കീർ' എന്നുവിളിച്ച് ​ഗാന്ധിജിയെ പരിഹസിച്ചു. 

മധുരയിൽ വച്ചെടുത്ത ആ വസ്ത്രവിപ്ലവ തീരുമാനത്തിന്റെ ശതാബ്ദി ഇന്നു നടക്കും. മധുര മ്യൂസിയം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഗാന്ധിജിയുടെ ചെറുമകൾ താര ഗാന്ധി ഭട്ടാചാര്യ മുഖ്യാതിഥിയാകും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com