രാജ്യത്ത് 600 മെഡിക്കല്‍ കോളജുകള്‍ കൂടി വേണം; പൊതു-സ്വകാര്യ പങ്കാളിത്തം ആരോഗ്യമേഖലയിലും അനിവാര്യം; നിതിന്‍ ഗഡ്കരി

രാജ്യത്ത് 600 മെഡിക്കല്‍ കോളജുകളും എംയിസ് പോലുള്ള 50 ഇന്‍സ്റ്റിറ്റ്യൂട്ടുകളും 200 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും കൂടി വേണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി /ഫയല്‍
നിതിന്‍ ഗഡ്കരി /ഫയല്‍


മുംബൈ: രാജ്യത്ത് 600 മെഡിക്കല്‍ കോളജുകളും എംയിസ് പോലുള്ള 50 ഇന്‍സ്റ്റിറ്റ്യൂട്ടുകളും 200 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും കൂടി വേണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മെഡിക്കല്‍-വിദ്യാഭ്യാസ മേഖലയില്‍ പൊതു, സ്വകാര്യ പങ്കാളിത്ത സംവിധാനം ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ കോവിഡ് മുന്നണിപ്പോരാളികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി സഹകരണ മേഖല മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

' വെന്റിലേറ്ററുകളുടെ പരിമിതിയെക്കുറിച്ച് താന്‍ പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു. രാജ്യത്ത് എത്ര വെന്റിലേറ്ററുകളാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. 2.5 ലക്ഷമാണ് ഉള്ളതെന്ന് മറുപടി നല്‍കി, എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് രാജ്യത്ത് 13,000 വെന്റിലേറ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു'- ഗഡ്കരി കൂട്ടിച്ചേര്‍ത്തു. 

'ആ സമയത്ത് ഓക്‌സിജന്റെയും ബെഡുകളുടെയും ക്ഷാമമുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആ സമയത്ത് ഒരുപാട് സഹായിച്ചു. ഞാനതിനെ അഭിനന്ദിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ, സഹകരണ, സ്വകാര്യ മേഖലകളുടെ സഹായവും എടുത്തു പറയേണ്ടതാണ്. ഗതാഗത മേഖലയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തം ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കാവുന്നതാണ്.'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com