കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ ഭവാനിപൂരില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഏറെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഭവാനിപ്പൂര്‍. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം മമതയ്ക്ക് അനിവാര്യമാണ്.
ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് പ്രധാന എതിരാളികള്‍. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറര വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് കഴിയും വരെ ഭവാനിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംസ്ഥാന പൊലീസ് കൂടാതെ, 20 കമ്പനി കേന്ദ്രസേനയേയും ഭവാനിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്. ഏഴു കമ്പനി സിആര്‍പിഎഫ്, അഞ്ചു കമ്പനി സിഐഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാബെല്‍ തുടങ്ങിയ സേനകളെയാണ് വിന്യസിച്ചിട്ടുള്ളത്.
കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും 2011 ലും 2016 ലും മമത ബാനര്‍ജി വിജയിച്ചിരുന്നു. ഇത്തവണ നന്ദിഗ്രാമില്‍ നിന്നും മല്‍സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് ഭവാനിപ്പൂരില്‍ നിന്നും വിജയിച്ച സോവന്‍ദേബ് ചതോപാധ്യായ, മമത ബാനര്‍ജിക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.
ഭവാനിപ്പൂര്‍ കൂടാതെ, ബംഗാളിലെ സംസേര്‍ഗഞ്ച്, ജംഗിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക