നേരിയ വയറുവേദനയും ശ്വാസമുട്ടലും, പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; വയറ്റില്‍ ഫുട്‌ബോളിന്റെ വലിപ്പമുള്ള രണ്ടു മുഴ, 12കാരി പുതുജീവിതത്തിലേക്ക് 

അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വയറ്റിലെ ഫുട്‌ബോളിന്റെ വലിപ്പമുള്ള മുഴ നീക്കം ചെയ്തതിലൂടെ 12കാരി പുതുജീവിതത്തിലേക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വയറ്റിലെ ഫുട്‌ബോളിന്റെ വലിപ്പമുള്ള രണ്ടു മുഴ നീക്കം ചെയ്തതിലൂടെ 12കാരി പുതുജീവിതത്തിലേക്ക്. കഴിഞ്ഞ ഏതാനും വര്‍ഷമായി അഞ്ചുകിലോ ഭാരം വരുന്ന മുഴയുമായാണ് കുട്ടി ജീവിച്ചത്. വയറുവേദനയും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടും കലശലായതോടെയാണ് വീട്ടുകാര്‍ ആശുപത്രിയെ സമീപിച്ചത്.

ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മുഴ വളരാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായിട്ടുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മുതലാകാം ഇതിന്റെ വലിപ്പം ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് കുട്ടിക്ക് ശാരിരീക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് തുടങ്ങുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ആശുപത്രിയെ സമീപിക്കാന്‍ വീട്ടുകാര്‍ ഭയപ്പെട്ടു. എന്നാല്‍ ശാരിരീക ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചുവന്നതോടെ ആശുപത്രിയെ സമീപിക്കാന്‍ വീട്ടുകാര്‍ തയ്യാറാവുകയായിരുന്നു.

പരിശോധനയിലാണ് വയറ്റില്‍ മുഴ കണ്ടെത്തിയത്. ഇത്രയും വലിപ്പം ഉണ്ടായിട്ടും കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാതിരുന്നതില്‍ ഡോക്ടര്‍മാര്‍ അമ്പരന്നു. മാര്‍ച്ച് 25നാണ് രണ്ട് മുഴകള്‍ നീക്കം ചെയ്തത്.

ശസ്ത്രക്രിയ അതിസങ്കീര്‍ണമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രക്തക്കുഴലുകള്‍ ഉള്‍പ്പെടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാത്ത വിധം ശസ്ത്രക്രിയ നടത്തുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com