വാക്‌സിന്‍ വിതരണത്തിന് കാലതാമസം; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വക്കീല്‍ നോട്ടീസ് 

കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിച്ച പ്രമുഖ മരുന്ന് കമ്പനിയായ ആസ്ട്രാസെനെക്ക ഇന്ത്യന്‍ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വക്കീല്‍ നോട്ടീസ് അയച്ചു
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിച്ച പ്രമുഖ മരുന്ന് കമ്പനിയായ ആസ്ട്രാസെനെക്ക ഇന്ത്യന്‍ മരുന്ന് കമ്പനിയായ സിറം ഇന്‍സ്്റ്റിറ്റിയൂട്ടിന് വക്കീല്‍ നോട്ടീസ് അയച്ചു. ആസ്ട്രാസെനെക്ക വികസിപ്പിച്ച വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം വരുത്തിയതിനാണ് ആസ്ട്രാസെനെക്ക നോട്ടീസ് അയച്ചതെന്ന് സിറം കമ്പനി മേധാവി അദര്‍ പൂനാവാല സ്ഥിരീകരിച്ചു.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള വാക്‌സിന്‍ വിതരണത്തില്‍ മുഖ്യ വിതരണക്കാരന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇന്ത്യയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ, ആഭ്യന്തരവിപണിയില്‍ ആവശ്യകത വര്‍ധിച്ചു. ഉല്‍പ്പാദിപ്പിച്ച വാക്‌സിന്‍ ഇന്ത്യയില്‍ വിതരണത്തിന് നല്‍കേണ്ടി വന്നു. ഇതുമൂലം ആഗോളതലത്തില്‍ വാക്‌സിന്‍ വിതരണത്തിന് കാലതാമസം വന്നതാണ് ആസ്ട്രാസെനെക്കയുടെ നോട്ടീസിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 കോടി ഡോസ് വാക്‌സിന്‍ വിതരണമാണ് തടസ്സപ്പെട്ടത്.

വക്കീല്‍ നോട്ടീസിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദര്‍ പൂനാവാല തയ്യാറായില്ല. നിയമപരമായ തര്‍ക്കം പരിഹരിക്കുന്നതിന് എല്ലാവഴികളും തേടും. ഇന്ത്യയില്‍ ആവശ്യകത വര്‍ധിച്ചത് മൂലം കരാര്‍ പ്രകാരമുള്ള ആഗോള തലത്തിലെ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനും അറിയാം. പ്രശ്‌നം പരിഹരിക്കാന്‍ എന്തുചെയ്യാന്‍ സാധിക്കുമെന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞാല്‍ ജൂണോടെ കയറ്റുമതി പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com