രാജസ്ഥാനില്‍ 48 മണിക്കൂര്‍, പഞ്ചാബില്‍ അഞ്ചു ദിവസം, ഡല്‍ഹിയില്‍ ഒരാഴ്ച; വാക്‌സിന്‍ ക്ഷാമം വെളിപ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍

മഹാരാഷ്ട്രയ്ക്ക് പിന്നാലെ വാക്‌സിന്‍ ക്ഷാമം വ്യക്തമാക്കി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ വാക്‌സിന്‍ ക്ഷാമം വ്യക്തമാക്കി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളാണ് പ്രതിരോധ വാക്‌സിന്‍ ക്ഷാമം ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

48 മണിക്കൂറിലേക്ക് മാത്രമാണ് വാക്‌സിന്‍ ബാക്കിയുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ ഉടനടി 30ലക്ഷം ഡോസുകള്‍ നല്‍കണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. 

അഞ്ചുദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്ത് ബാക്കിയുള്ളതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. ദിനംപ്രതി രണ്ടുലക്ഷം വാസ്‌കിന്‍ നല്‍കുന്ന സാഹചര്യത്തിലേക്ക് വന്നാല്‍ ഇത് മൂന്നുദിവസത്തേക്ക് മാത്രമായി ചുരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍തന്നെ കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ സംസ്ഥാനത്തിന് നല്‍കണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഏഴുമുതല്‍ പത്തുവരെ ദിവസങ്ങള്‍ക്കുള്ള സ്റ്റോക്ക് മാത്രമേ തങ്ങളുടെ കൈവശമുള്ളു എന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തി.

നേരത്തെ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടിരുന്നു. എന്നാല്‍ പ്രതിരോഘ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ച മറച്ചുവയ്ക്കാനാണ് ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് പറയുന്നത് എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രതികരണം. ഉത്പാദനത്തിന് അനുസരിച്ച് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് എത്തിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലും വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 25,000 സ്റ്റോക്കുകള്‍ മാത്രമാണ് ബാക്കിയുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com