ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യ സ്ഥാനാർത്ഥിയാകണ്ട; പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റി ബിജെപി 

മത്സരാർത്ഥികളുടെ പട്ടികയിൽ നിന്ന് സംഗീതയെ ഒഴിവാക്കി
കുൽദീപ് സെനഗാർ/ പിടിഐ
കുൽദീപ് സെനഗാർ/ പിടിഐ

ലഖ്നൗ: ഉന്നാവോ ബലാൽസംഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സെനഗാറിന്റെ ഭാര്യയോട് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ബിജെപി. വരാനിരിക്കുന്ന യു പി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഗീത സെൻഗർ ബിജെപി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഇതിനുപിന്നാലെ മത്സരാർത്ഥികളുടെ പട്ടികയിൽ നിന്ന് സംഗീതയെ ഒഴിവാക്കി. 

ഉന്നാവോയിലെ പഞ്ചായത്ത് ചെയർപേഴ്സണാണ് സം​ഗീത ഇപ്പോൾ. 2021 ഏപ്രിൽ 15 മുതൽ നാല് ഘട്ടങ്ങളായാണ് ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൗരസ്യ ത്രിതീയ സീറ്റിൽ ബിജെപി ടിക്കറ്റിൽ സം​ഗീതയെ മൽസരിപ്പിക്കാനൊരുങ്ങുന്നെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്. 

2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തതിന്റെ പേരിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ് കുൽദീപ് സെം​ഗർ. കേസിൽ കുറ്റംസമ്മതിച്ച കുൽദീപ് സെനഗറിന് ഉത്തർപ്രദേശ് നിയമസഭയിൽ നിന്നും അംഗത്വം നഷ്ടപ്പെട്ടിരുന്നു. നേരത്തെ ഇദ്ദേഹത്തെ ബി.ജെ.പിയിൽ നിന്നും പുറത്താക്കിയിരുന്നു. 2020 ൽ ഉന്നാവോ കേസിലെ ഇരയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് സെം​ഗറിന് പത്ത് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com