വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം; സ്പുട്‌നിക് വാക്‌സിന് പത്തു ദിവസത്തിനുള്ളില്‍ അനുമതി

ഒക്ടോബറില്‍ അഞ്ച് വാക്‌സിനുകള്‍ക്ക് കൂടി അനുമതി നല്‍കുമെന്നാണ് സൂചന
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം


ന്യൂഡല്‍ഹി: വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രാലയം കൂടുതല്‍ വാക്‌സിനുകള്‍ അനുമതി നല്‍കിയേക്കും. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്-5ന് പത്തുദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡോ. റെഡ്ഡീസ് ലാബൂമായി സഹകരിച്ചാണ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണത്തിന് എത്തിക്കുന്നത്. ഒക്ടോബറില്‍ അഞ്ച് വാക്‌സിനുകള്‍ക്ക് കൂടി അനുമതി നല്‍കുമെന്നാണ് സൂചന. 

പല സംസ്ഥാനങ്ങളും വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുകയും കൂടുതല്‍ ഡോസുകള്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വാക്‌സിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നീക്കം നടത്തുന്നത്. 

നേരത്തെ, മഹാരാഷ്ട്ര, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഡല്‍ഹി,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥനങ്ങള്‍ വാക്‌സിന്‍ ക്ഷാമം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയത് മറയ്ക്കാനാണ് ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് പറയുന്നത് എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രതികരണം. 

ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനനം ഉയര്‍ന്നിരുന്നു. ഇന്നുമുതല്‍ രാജ്യത്ത് വാക്‌സിനേഷന്‍ ഉത്സവ് ആരംഭിച്ചിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനായി പുതിയ നടപടികളിലേക്ക് കേന്ദ്രം കടന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com