സുഹൃത്തുമായി മണിക്കൂറുകള്‍ ഫോണില്‍, എതിര്‍ത്ത് 9കാരനായ സഹോദരന്‍; ഇയര്‍ഫോണ്‍ കേബിള്‍ കൊണ്ട് കഴുത്തുഞെരിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ 9 വയസുള്ള സഹോദരനെ ഇയര്‍ഫോണ്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 9 വയസുള്ള സഹോദരനെ ഇയര്‍ഫോണ്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു. കൂട്ടുകാരനുമായി ഫോണില്‍ നീണ്ടനേരം സംസാരിച്ചതിനെ എതിര്‍ത്തതാണ് സഹോദരിയുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സ്റ്റോര്‍റൂമില്‍ സഹോദരന്റെ മൃതദേഹം 15കാരി തള്ളി. 

റായ്ബറേലിയിലാണ് സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് 15കാരി കൂട്ടുകാരനുമായി ഫോണില്‍ കുറെ നേരം സംസാരിച്ചു. ഇത് 9 വയസുകാരന്‍ എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണം. ആദ്യം ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സഹോദരനെ 15കാരി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തിന് ശേഷം ഇയര്‍ഫോണ്‍ കേബിള്‍ ഉപയോഗിച്ച് സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. അന്നേദിവസം കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. തെരച്ചലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിറ്റേന്ന് സ്റ്റോര്‍ റൂമില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ, പരിശോധിപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ അയല്‍വാസിക്ക് പങ്കില്ലെന്ന് തെളിയുകയായിരുന്നു.

15കാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. തെളിവുകള്‍ ശേഖരിക്കുന്നതിനിടെ, 15കാരിയുടെ വയറ്റിലും കഴുത്തിലും കൈയിലും ചതവ് ശ്രദ്ധിയില്‍പ്പെട്ട പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. 15കാരി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com