രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍, ഒരെണ്ണം കേരളത്തില്‍; യുജിസിയുടെ കണ്ടെത്തല്‍, സ്ഥാപനങ്ങളുടെ പേര് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും

രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് പുറമേ രണ്ട് സര്‍വകലാശാലകള്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ലോക്‌സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

യുജിസി നിയമത്തിന് വിരുദ്ധമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കാന്‍ ഇവര്‍ക്ക് അധികാരമില്ല. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം വ്യാജ സര്‍വകലാശാലകള്‍. എട്ടെണ്ണം. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുജിസി അന്വേഷണം നടത്തിയതെന്നും മന്ത്രി പറഞ്ഞു.  യുപിയിലെ ഭാരതീയ ശിക്ഷ പരിഷത് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്.  ഈ രണ്ട് സര്‍വകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു. 

ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സര്‍വകലാശാലകളും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വകലാശാല വ്യാജമാണെന്ന് യുജിസി കണ്ടെത്തിയതായി ധര്‍മേന്ദ്ര പ്രധാന്‍ സഭയില്‍ പറഞ്ഞു.

യുജിസി ആക്ട് 1956 ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സര്‍വകലാശാലകള്‍ക്കെതിരേ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് ഇത്തരം വ്യാജ സര്‍വകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യുജിസി നോട്ടീസ് പുറപ്പെടുവിക്കും. പിന്നാലെ ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും മന്ത്രി മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com