ബൈക്ക് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി, ഓണ്‍ലൈനിലൂടെ വാങ്ങിയ കത്തിയുമായി എന്‍ജിനീയര്‍ പൊലീസ് സ്‌റ്റേഷനില്‍; എസ്‌ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച് 'സൈക്കോ'

വയറ്റില്‍ കുത്തേറ്റ ഇന്‍സ്‌പെക്ടറെ പ്രഥമ ചികിത്സയ്ക്ക് ശേഷം പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ നോ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോയതില്‍ ക്ഷുഭിതനായ എന്‍ജിനീയര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ കുത്തിപ്പരിക്കല്‍പ്പിച്ചു. വയറ്റില്‍ കുത്തേറ്റ ഇന്‍സ്‌പെക്ടറെ പ്രഥമ ശൂശ്രൂഷയ്ക്ക് ശേഷം പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

എംപി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. നോ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍ജിനീയര്‍ ഹര്‍ഷ് മീനയുടെ ബൈക്കാണ് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി സ്റ്റേഷനില്‍ കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനില്‍ ബൈക്ക് അന്വേഷിച്ച് എത്തിയ മീനയോട് 600 രൂപ പിഴ ഒടുക്കാനും വാഹനരേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. ആ സമയത്ത് രേഖകള്‍ കൈവശം ഇല്ലാതിരുന്ന മീന വീട്ടില്‍ പോയി രേഖകളുമായി വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങി.

വീട്ടില്‍ പോയ മീന ഓണ്‍ലൈനിലൂടെ വാങ്ങിയ കത്തിയുമായാണ് തിരികെ വന്നത്. പിഴ തുകയായ 600 രൂപ ഒടുക്കി സ്റ്റേഷനില്‍ നിന്ന് ബൈക്കില്‍ പുറത്തിറങ്ങുമ്പോള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീറാം ദുബൈയെ കണ്ടു. ശ്രീറാം ദുബൈയുടെ വയറ്റില്‍ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഹര്‍ഷ് മീനയെ സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ചേര്‍ന്ന് പിടികൂടി. സ്റ്റേഷനില്‍ സൈക്കോയെ പോലെയാണ് എന്‍ജിനീയര്‍ പെരുമാറിയതെന്ന് പൊലീസുകാര്‍ പറയുന്നു.

നിമിഷങ്ങളുടെ ഇടവേളയില്‍ ചിരിക്കുകയും കരയുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.  കംപ്യൂട്ടറുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യുന്നതിന് നോ പാര്‍ക്കിങ് ഏരിയയില്‍ ബൈക്ക് നിര്‍ത്തി ജ്യോതി കോംപ്ലക്‌സ് മാര്‍ക്കറ്റില്‍ പോയ സമയത്താണ് ബൈക്ക് പൊലീസ് പിടിച്ചെടുത്തത്.
ബിടെക്ക് പാസായ മീന എംടെക്കിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com