'ദുഷ്ട ശക്തികളില്‍ നിന്ന് നാട് രക്ഷപ്പെടണം', വെള്ളത്തില്‍ 108 കിലോ മുളകുപൊടി ചേര്‍ത്ത് കുളി; ശാന്തഭാവത്തില്‍ പൂജാരി, കര്‍ക്കടക വാവില്‍ വേറിട്ട ആചാരം

തമിഴ്‌നാട്ടില്‍ കര്‍ക്കടകവാവിനോടനുബന്ധിച്ച് വേറിട്ട രീതിയില്‍ ചടങ്ങ് നടത്തി പൂജാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ കര്‍ക്കടകവാവിനോടനുബന്ധിച്ച് വേറിട്ട രീതിയില്‍ ചടങ്ങ് നടത്തി പൂജാരി. അമാവസി ദിവസമായ ഞായറാഴ്ച മുളകുപൊടി കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ചാണ് പൂജാരി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ധര്‍മ്മപുരി ജില്ലയിലെ നടപ്പനഹള്ളി ഗ്രാമത്തിലാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി108 കിലോ മുളകുപൊടി കലര്‍ത്തിയ വെള്ളത്തിലാണ് പൂജാരി കുളിച്ചത്. തമിഴ് കലണ്ടര്‍ അനുസരിച്ച് ആടി അമാവസി ദിനം തമിഴ്‌നാട്ടുകാരെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ടതാണ്. നാട്ടുകാരുടെ ദൈവമായ പെരിയ കറുപ്പസ്വാമി ദേവനെ ആരാധിക്കുന്നതിന്റെ ഭാഗമായി നടപ്പനഹള്ളി ഗ്രാമത്തിലുള്ളവര്‍ അമാവസി ദിനത്തില്‍ പാലും മുളകുപൊടിയും ഉപയോഗിച്ച് അഭിഷേകം നടത്തുന്നത്‌ പതിവാണ്. ഇത്തവണയും ഇതില്‍ മാറ്റമുണ്ടായില്ല. 

ചടങ്ങിനിടെയാണ് അമ്പലത്തിലെ പൂജാരിയായ ഗോവിന്ദന്‍ കിലോക്കണക്കിന് മുളകുപൊടി കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ചത്. ദുഷ്ട ശക്തികളില്‍ നിന്ന് ഭക്തരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൂജാരി ഇങ്ങനെ ചെയ്യുന്നത് എന്നാണ് നാട്ടുകാരുടെ വിശ്വാസം. ആഘോഷത്തിനിടെ ഗോവിന്ദന്‍ കാര്‍മികത്വം വഹിക്കുന്ന നിരവധി ചടങ്ങുകളില്‍ ഒന്നുമാത്രമാണിത്. അരിവാളില്‍ നില്‍ക്കുന്നതും ഭക്തരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതും ഇതില്‍ ചിലത് മാത്രം.

ഭക്തര്‍ക്ക് പ്രദേശത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഗോവിന്ദന്‍ മുളകുപൊടിയില്‍ കുളിച്ച് ചടങ്ങ് നടത്തിയത്. ചടങ്ങിനിടെ ശാന്തനായി നില്‍ക്കുന്ന ഗോവിന്ദന്‍ ഭക്തര്‍ക്ക് വിസ്മയമാണ്. ഗോവിന്ദന്റെ ശരീരത്തില്‍ നിന്ന് മുളകുപൊടി കഴുകി കളയാന്‍ കന്നാസ് കണക്കിന് വെള്ളമാണ് വിശ്വാസികള്‍ ഒഴിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com