വിവാഹ രജിസ്ട്രേഷൻ വിഡിയോ കോൺഫറൻസിൽ നടത്താം; സുപ്രിംകോടതി 

വധൂവരന്മാരെ വിഡിയോ കോൺഫറൻസിൽ പങ്കെടുപ്പിച്ച് രജിസ്‌ട്രേഷൻ നടത്താമെന്ന് സുപ്രീംകോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വിവാഹ രജിസ്‌ട്രേഷന് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. വധൂവരന്മാരെ വിഡിയോ കോൺഫറൻസിൽ പങ്കെടുപ്പിച്ച് രജിസ്‌ട്രേഷൻ നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാങ്കേതികവിദ്യയ്ക്കൊപ്പം നിയമങ്ങൾ സഞ്ചരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ഇന്ദിരാ ബാനർജി, വി. രാമസുബ്രമണ്യം എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. 

1954ൽ പ്രത്യേക വിവാഹനിയമം നിലവിൽ വരുമ്പോൾ സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ പുരോഗമിച്ചിരുന്നില്ല. ഇന്റർനെറ്റോ കമ്പ്യൂട്ടറോ ഇല്ല. പ്രശ്നങ്ങൾ പരിഹരിക്കാനാണ് കൂടുതൽ സങ്കീർണ്ണമാക്കാനല്ല നിയമങ്ങൾ. മാമൂലുകൾ ഉയർത്തി തടസങ്ങൾ സൃഷ്ടിക്കാനും രജിസ്ട്രേഷൻ വകുപ്പ് തുനിയരുത്, ബഞ്ച് പറഞ്ഞു. 

ഈ രീതിയിലുള്ള വിവാഹത്തിന് സാധുത നൽകി പഞ്ചാബ് - ഹരിയാന ഹൈക്കോടതി നൽകിയ അനുകൂല ഉത്തരവിനെതിരെയുള്ള ഹരിയാന സർക്കാരിന്റെ ഹർജി തള്ളിയാണ് കോടതിയുടെ നിർദേശം. 2019 ഡിസംബർ 19ന് വിവാഹം ഉറപ്പിച്ചിരുന്ന മിഷ വെ‌ർമ,​ അമി രജ്ഞൻ എന്നിവരാണ് ഹർജിക്കാർ. വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും തങ്ങളുടെ ജോലി സ്ഥലങ്ങളായ ലണ്ടനിലേക്കും അമേരിക്കയിലേക്കും മടങ്ങി. കോവിഡ് മൂലം രണ്ട് രാജ്യങ്ങളിൽ കുടുങ്ങിയതോടെയാണ് വീഡിയോ കോൺഫറൻസിലൂടെ വിവാഹ രജിസ്ട്രേഷന് അനുമതി തേടിയത്. എന്നാൽ അപേക്ഷ ഗുരുഗ്രാം ഡെപ്യൂട്ടി കമ്മിഷണർ നിരസിച്ചു. ഇതിനെതിരെ ഹർജിക്കാർ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും, സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരം 45 ദിവസത്തിനുള്ളിൽ വിവാഹത്തിന് അനുമതി നൽകണമെന്ന് ഡെപ്യൂട്ടി കമ്മിഷണർക്ക് കോടതി നിർദ്ദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com