അഞ്ച് ദിവസത്തിനിടെ 242 കുട്ടികള്‍ക്ക് കോവിഡ്; സൂക്ഷിച്ചില്ലെങ്കില്‍ വന്‍ അപകടം; കര്‍ണാടകത്തില്‍ മൂന്നാംതരംഗം തുടങ്ങിയെന്ന് വിദഗ്ധര്‍

അടുത്തദിവസങ്ങളില്‍ കോവിഡ് ബാധിതരാവുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടി വരെ ഉയരാം. ഇത് വന്‍ അപകടത്തിന് വഴിവെക്കാം.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബംഗളുരൂ: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബംഗളുരൂവില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്. ഇന്നലെ 1,338 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 31 പേര്‍ മരിച്ചു. മൂന്നാം തരംഗം കൂടുതലായി ബാധിച്ചത് കുട്ടികളെയാണെന്നാണ് ഇത് നല്‍കുന്ന സൂചന.

പത്തൊന്‍പത് വയസിന് താഴെയുള്ള 242 പേര്‍ക്കാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനെിടെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ബംഗളുരു നഗരസഭാ അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ കോവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയതായും
വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 9 വയസില്‍ താഴെയുള്ള 106 കുട്ടികളും 9നും 19 നും ഇടയിലുള്ള 136 കുട്ടികള്‍ക്കുമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗം പിടിപ്പെട്ടത്. വരും ദിവസങ്ങളില്‍ വൈറസ് ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അടുത്തദിവസങ്ങളില്‍ കോവിഡ് ബാധിതരാവുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടി വരെ ഉയരാം. ഇത് വന്‍ അപകടത്തിന് വഴിവെക്കാം. ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി കുട്ടികളെ വീടുകളില്‍ തന്നെ സുരക്ഷിതരാക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വീടിനകത്ത് മാതാപിതാക്കള്‍ കുട്ടികളുമായി ഇടപെടുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഏര്‍പ്പെടുത്തി വരികയാണ്. അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 72 മണിക്കൂറിന് ഇടയിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലം ഉള്ളവര്‍ക്ക് മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശനമുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com