ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2021 05:11 PM  |  

Last Updated: 09th December 2021 05:11 PM  |   A+A-   |  

save life

പ്രതീകാത്മക ചിത്രം

 

മധുര:  യാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നതിന് മുന്‍പ് സമയോചിതമായ ഇടപെടല്‍ നടത്തി 30 യാത്രക്കാരെ രക്ഷിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവര്‍ മാതൃകയായി. അറപ്പാളയം -കൊടൈക്കനാല്‍ റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവറാണ് ജീവന്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് യാത്രക്കാരെ സുരക്ഷിതരാക്കിയത്. 44 വയസുള്ള എം അറുമുഖമാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ മധുരയ്ക്ക് സമീപമാണ് സംഭവം. അറപ്പാളയത്ത് നിന്ന് രാവിലെ 6.20ന് പുറപ്പെട്ട ബസ് അഞ്ചുമിനിറ്റ് കഴിഞ്ഞ് ഗുരു തിയറ്ററിന് മുന്‍പില്‍ എത്തിയപ്പോഴാണ് അറുമുഖത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ വാഹനം റോഡരികിലേക്ക് തിരിച്ച് വാഹനം നിര്‍ത്തിയാണ് യാത്രക്കാരെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. കുഴഞ്ഞുവീഴുന്നതിന് മുന്‍പ് അറുമുഖന്‍ കണ്ടക്ടര്‍ ഭാഗ്യരാജിനെ വിളിച്ചു. 

ഭാഗ്യരാജ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. 12 വര്‍ഷമായി തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അറുമുഖം അടിയന്തരഘട്ടത്തില്‍ വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്ത് 30 പേരെ രക്ഷിച്ചത് മഹത്തായ സേവനമെന്ന് ഡെപ്യൂട്ടി കോമേഴ്‌സില്‍ മാനേജര്‍ യുവരാജ് അറിയിച്ചു.