സങ്കല്‍പ്പത്തിനും അപ്പുറമുള്ള ത്യാഗം...; നാലുദിവസം മുന്‍പ് ആഷ്‌ന ആലപിച്ചു, വേദനിപ്പിക്കുന്ന വരികള്‍
By സമകാലിക മലയാളം ഡെസ്ക് | Published: 11th December 2021 03:04 PM |
Last Updated: 11th December 2021 03:04 PM | A+A A- |

ബ്രിഗേഡിയര്‍ ലിഡ്ഡറിന് അന്തിമോപചാരം അര്‍പ്പിക്കുന്ന കുടുംബം
'ഒരു സമ്പൂര്‍ണ രാഷ്ട്രത്തിനായി അപൂര്‍ണമായ കുടുംബം, നിങ്ങളുടെ സങ്കല്‍പ്പത്തിനപ്പുറം ത്യാഗം ചെയ്യാനായി...' നാലുദിവസം മുന്‍പ് ഈ വരികള്‍ ചൊല്ലുമ്പോള്‍, ബ്രിഗേഡിയര്‍ ലഖ്‌വീന്ദര്‍ സിങ് ലിഡ്ഡറിന്റെ മകള്‍ ആഷ്‌ന ലിഡ്ഡര്‍ അത് തന്റെ കുംടുംബത്തിന് വന്നു ഭവിക്കുമെന്ന് ചിന്തിച്ചുകാണില്ല. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അടക്കം ജീവനെടുത്ത തമിഴ്‌നാട്ടിലെ കൂനൂര്‍ കോപ്റ്റര്‍ അപകടത്തില്‍ ആഷ്‌നയുടെ പിതാവ് ലഖ്‌വീന്ദര്‍ ലിഡ്ഡറും മരണത്തിന് കീഴടങ്ങി.
പതിനാറുകാരിയായ ആഷ്‌ന താന്‍ എഴുതിയ കവിതയിലെ വരികള്‍ ചൊല്ലുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. താനുംകൂടി പങ്കെടുത്ത പരിപാടിയുടെ വീഡിയോ പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയാണ് ട്വീറ്റ് ചെയ്തത്.
സ്വാതന്ത്ര്യദിനത്തിലാണ് 'നിസ്വാര്‍ത്ഥ സ്വാതന്ത്ര്യം' എന്ന ഈ കവിത എഴുതിയതെന്ന് ആഷ്‌ന കവിത ചൊല്ലുന്നത് മുന്‍പ് പറയുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായവരെക്കുറിച്ചുള്ളതാണ് കവിതയെന്നും ആഷ്‌ന പറയുന്നു.
കഴിഞ്ഞദിവസം, ബ്രിഗേഡിയര്‍ ലിഡ്ഡറിന് ഭാര്യ ഗീതിക ലിഡ്ഡറും മകള്‍ ആഷ്‌ന ലിഡ്ഡറും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. 'താനൊരു സൈനികന്റെ ഭാര്യയാണ്. ഇപ്പോള്‍ അഭിമാനത്തേക്കാളേറെ വിഷമമുണ്ട്. ഇതാണ് ദൈവത്തിന്റെ തീരുമാനമെങ്കില്‍, ഈ വിയോഗത്തില്‍ ഞങ്ങള്‍ ജീവിക്കും. പക്ഷേ അദ്ദേഹം തിരിച്ചുവരുമെന്ന് കരുതിയിരുന്നത് ഇങ്ങനെയല്ല'-ഗീതിക പറഞ്ഞു.
'ഈ നഷ്ടം രാജ്യത്തിന്റേതാണ്. എന്റെ അച്ഛന്‍ ഒരു ഹീറോയായിരുന്നു. എന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ നല്ല ഓര്‍മ്മകള്‍ക്കൊപ്പം ഞങ്ങള്‍ ജീവിക്കും'-ആഷ്‌ന പറഞ്ഞു.