വിഡിയോ കോണ്‍ഫറന്‍സിങ് വാദത്തിനിടെ സ്ത്രീയെ കെട്ടിപ്പുണര്‍ന്ന് അഭിഭാഷകന്‍ സ്‌ക്രീനില്‍; ഞെട്ടല്‍, അച്ചടക്ക നടപടി

വിഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വാദത്തിനിടെ സ്ത്രീയെ കെട്ടിപ്പുണര്‍ന്ന നിലയില്‍ സ്‌ക്രീനിലെത്തിയ അഭിഭാഷകനെതിരെ അച്ചടക്ക നടപടി
മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍

ചെന്നൈ: വിഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വാദത്തിനിടെ സ്ത്രീയെ കെട്ടിപ്പുണര്‍ന്ന നിലയില്‍ സ്‌ക്രീനിലെത്തിയ അഭിഭാഷകനെതിരെ അച്ചടക്ക നടപടി. ആര്‍ഡി സന്താന കൃഷ്ണന്‍ എന്ന അഭിഭാഷകനെയാണ് ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്. അഭിഭാഷകനെതിരെ സിബി സിഐഡി അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 

സന്താനകൃഷ്ണന്‍ ഇന്ത്യയിലെ ഒരു കോടതിയിലും ട്രൈബ്യൂണലിലും പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്ന് തമിഴ്‌നാട് ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. അച്ചടക്ക നടപടി നിലനില്‍ക്കുന്ന കാലം വരെയാണ് വിലക്ക്. അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ ജസ്റ്റിസുമാരായ പിഎന്‍ പ്രകാശ്, ആര്‍ ഹേമലത എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഇയാള്‍ക്കെതിരെ സിബിസിഐഡി അന്വേഷണം നടത്തി നാളെയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച വാദം നടക്കുന്നതിനിടെയാണ് സ്ത്രീയെ കെട്ടിപ്പുണര്‍ന്നുകൊണ്ട് സന്താനകൃഷ്ണന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ഇത്തരം അശ്ലീല പ്രകടനം കണ്ടില്ലെന്നു വയ്ക്കാനാവില്ലെന്ന് നടപടിക്കു നിര്‍ദേശിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കോടതി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com