ഒമൈക്രോണ്‍ രോഗികള്‍ 300 കടന്നു: ജാഗ്രത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി; കൃത്യവും ഫലപ്രദവുമായ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കണം; കേന്ദസംഘം സംസ്ഥാനങ്ങളിലേക്ക്

കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജില്ലാതലം മുതല്‍ പ്രതിരോധം ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

കൃത്യവും ഫലപ്രദവുമായ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കണം. പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം. താഴെതട്ടുമുതലുള്ള ആരോഗ്യസംവിധാനം ശക്തിപ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും മോദി പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും.

അതേസമയം രാജ്യത്ത്് ഒമൈക്രോണ്‍ കേസുകള്‍ 300 കടന്നു. തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 300 കടന്നത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. ഇതുവരെ 80 ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ. ഡല്‍ഹിയില്‍ 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമൈക്രോണിന് മൂന്നിരട്ടി വ്യാപനതോത് കൂടുതലാണെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മൊത്തം ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് മുന്നൂറും പിന്നിട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കാന്‍ എയിംസ് മേധാവി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കേരളത്തില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി. ഗുജറാത്തില്‍ ഏഴ് പേര്‍ക്കും കര്‍ണാടകയില്‍ 12 പേര്‍ക്കും ഇന്ന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ഒപ്പം തന്നെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. 

മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച മാത്രം 1179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ക്ക് ഒമൈക്രോണ്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് അടിയന്തരമായി വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് കോവിഡ് അവലോകന യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

മധ്യപ്രദേശില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com