വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിൻ ഉത്തരവാദിയല്ല:  മദ്രാസ് ഹൈക്കോടതി

ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂ. അതിനാൽ സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ, മറ്റൊരാളുടെ സന്ദേശത്തിന്റെ പേരിൽ അഡ്മിനെതിരേ നടപടിയെടുക്കാൻ പാടില്ലെന്നും ഹൈക്കോടതി മധുര ബെഞ്ച് വിധി പ്രസ്താവിച്ചു.  

ഗ്രൂപ്പിൽ മറ്റൊരാൾ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ പേരിൽ ക്രിമിനൽ നടപടി നേരിട്ട അഭിഭാഷകനായ രാജേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ആണ് നിർണായക  ഉത്തരവ് പുറപ്പെടുവിച്ചത്. കരൂരിലെ അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പച്ചയപ്പൻ എന്നയാൾ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയെ തുടർന്ന് ഇയാൾക്കും ഗ്രൂപ്പ് അഡ്മിൻ രാജേന്ദ്രനുമെതിരേ പൊലീസ് കേസെടുത്തിരുന്നു. 

ഇതിനെതിരേ രാജേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഗ്രൂപ്പിൽ ആളുകളെ ചേർക്കുക, നീക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിനുമാത്രമാണ് അഡ്മിന് വിശേഷാധികാരമുള്ളതെന്നും അംഗങ്ങളുടെ സന്ദേശങ്ങളിൽ തിരുത്തൽ വരുത്താൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയത്. ബോംബെ ഹൈക്കോടതി മുമ്പ് പുറപ്പെടുവിച്ച സമാന ഉത്തരവും ജസ്റ്റിസ് സ്വാമിനാഥൻ ഉദ്ധരിച്ചു. 

പച്ചയപ്പൻ പോസ്റ്റുചെയ്ത സന്ദേശം രാജേന്ദ്രനുമായി ചേർന്ന് നടത്തിയ ആലോചനയെത്തുടർന്നാണെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. അതിനാൽ ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെങ്കിൽ അഡ്മിനായ രാജേന്ദ്രന്റെ പേര് എഫ് ഐ ആറിൽനിന്ന് ഒഴിവാക്കാൻ കോടതി നിർദേശം നൽകി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com