കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, രണ്ടു മണിക്കൂറിനകം ശുചീകരണ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 11:00 AM  |  

Last Updated: 01st February 2021 11:00 AM  |   A+A-   |  

COVID VACCINE

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ് : ഗുജറാത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശുചീകരണ തൊഴിലാളി മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. 30 വയസ്സുകാരനായ ശുചീകരണ തൊഴിലാളി ജിഗ്നേഷ് സോളങ്കിയാണ് മരിച്ചത്. 

വഡോദര മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ ശുചീരണ തൊഴിലാളിയാണ് ജിഗ്നേഷ്. ഞായറാഴ്ച രാവിലെയാണ് ജിഗ്നേഷ് കോവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തത്. 

തുടര്‍ന്ന് വീട്ടിലെത്തി രണ്ടു മണിക്കൂറിനിടെ ഇയാല്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ നഗരത്തിലെ എസ്എസ്ജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

കോവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ജിഗ്നേഷ് വീട്ടില്‍ പറഞ്ഞിരുന്നില്ല. കുത്തിവയ്പ്പ് എടുത്ത് വീട്ടിലെത്തി മകൾക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നും ജിഗ്നേഷിന്റെ ഭാര്യ പറയുന്നു. 

എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതല്ല മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ജിഗ്നേഷിന് 2016 മുതല്‍ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. എന്നാല്‍ മരുന്ന് കഴിച്ചിരുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

സംഭവം വിവാദമായതോടെ, മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനും വിശദമായ അന്വേഷണത്തിനും ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.