ആയിരത്തോളം കര്‍ഷകര്‍ ട്രെയിനില്‍ ഡല്‍ഹിയിലേക്ക്; പഞ്ചാബ് മെയില്‍ വഴി തിരിച്ചുവിട്ടു;സാങ്കേതിക തകരാറെന്ന് റെയില്‍വെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 03:20 PM  |  

Last Updated: 01st February 2021 03:20 PM  |   A+A-   |  

farmers_protest-aiks

ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ

 

ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് ഡല്‍ഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ് മെയില്‍ ട്രെയിന്‍ വഴിതിരിച്ചുവിട്ട റെയില്‍വെ നടപടി വിവാദത്തില്‍. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ആയിരത്തോളം കര്‍ഷകര്‍ ട്രയിനില്‍ ഉണ്ടായിരുന്നെന്നും ഇവര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനാണ് ട്രെയിന്‍ വഴി തിരിച്ചുവിട്ടതെന്നും കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു. 

റോഹ്തഗില്‍ നിന്ന് റിവാരി വഴിയാണ് ട്രെയിന്‍ വഴിതിരിച്ചുവിട്ടത്. റോഹ്തഗ് കഴിഞ്ഞാല്‍ ട്രെയിന്റെ അടുത്ത സ്‌റ്റോപ്പ് ന്യൂഡല്‍ഹിയാണ്. തിങ്കളാഴ്ച രാവിലെ റോഹ്തഗിലെത്തിയ ട്രെയിന്‍ ഹരിയാനയിലെ റിവാരി വഴി തിരിച്ചുവിടുകയായിരുന്നു. 

 

റെയില്‍വെ പാളത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ട്രെയിന്‍ വഴി തിരിച്ചുവിട്ടത് എന്നാണ് നോര്‍ത്തേന്‍ റെയില്‍വെ വക്താവ് ദീപക് കുമാര്‍ പ്രതികരിച്ചത്. എന്നാല്‍ എന്താണ് സാങ്കേതിക തകരാര്‍ എന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. 

ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടയ്ക്കുകയും ദേശീയ പാതയിലുള്‍പ്പെടെ കൂറ്റന്‍ ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ റെയില്‍ മാര്‍ഗം കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് എത്താന്‍ തീരുമാനിച്ചത്.