'ആത്മനിര്‍ഭരത' 2020ലെ വാക്ക്; ഓക്‌സ്ഫഡ്‌ ലാംഗ്വേജിന്റെ അംഗീകാരം

സ്വയം പര്യാപ്തത എന്ന് അര്‍ത്ഥമുള്ള ആത്മനിര്‍ഭരതയെ 2020ലെ ഹിന്ദി വാക്കായി ഓക്‌സ്ഫഡ്‌ ലാംഗ്വേജ് തെരഞ്ഞെടുത്തു
നരേന്ദ്രമോദി/ ഫയല്‍ചിത്രം
നരേന്ദ്രമോദി/ ഫയല്‍ചിത്രം

ന്യൂഡല്‍ഹി: സ്വയം പര്യാപ്തത എന്ന് അര്‍ത്ഥമുള്ള ആത്മനിര്‍ഭരതയെ 2020ലെ ഹിന്ദി വാക്കായി ഓക്‌സ്ഫഡ്‌ലാംഗ്വേജ് തെരഞ്ഞെടുത്തു. കോവിഡ് മഹാമാരിയില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ഉപായമായാണ് ആത്മനിര്‍ഭരതയെ രാജ്യത്തെ ജനങ്ങള്‍ കണ്ടതെന്ന് ഓക്‌സ്ഫഡ്‌ ലാംഗ്വേജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആധാര്‍, നാരി ശക്തി തുടങ്ങിയ വാക്കുകളാണ് സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ ഹിന്ദി വാക്കുകളായി തെരഞ്ഞെടുത്തത്.

കോവിഡിന്റെ തുടക്കത്തിലാണ് ഇതിനെ മറികടന്ന് സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കുന്നതിന് സമൂഹത്തെ പ്രാപ്തരാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചത്.  ഭാഷാ പണ്ഡിതര്‍ അടങ്ങിയ ഉപദേശക സമിതിയാണ് 2020ലെ ഹിന്ദിവാക്കായി ആത്മനിര്‍ഭരത തെരഞ്ഞെടുത്തത്. പ്രതിദിനം കോവിഡിനെ അതിജീവിക്കുന്ന എണ്ണമറ്റ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന അംഗീകാരം കൂടിയാണിത്.

ജനത്തെ ഏറെ സ്വാധീനിച്ച വാക്കുകളെയും പ്രയോഗശൈലിയെയുമാണ് ഹിന്ദി വാക്കായി തെരഞ്ഞെടുക്കുന്നത്. സാംസ്‌കാരിക രംഗത്ത് ഇത് ഉണ്ടാക്കിയ ചലനങ്ങളും പരിഗണിക്കുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം തന്നെ സ്വയംപര്യാപ്ത കൈവരിക്കേണ്ടതുണ്ട് എന്നാണ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രഖ്യാപിക്കുന്ന വേളയില്‍ മോദി പറഞ്ഞത്. ഇതിന് ശേഷം ഈ വാക്ക് സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഹിന്ദി വാക്കായി തെരഞ്ഞെടുത്തു എന്നത് കൊണ്ട് ഓക്‌സ്ഫഡ്‌നിഘണ്ടുവില്‍ സ്വാഭാവികമായി ഇത് ഉള്‍പ്പെടുമെന്ന് അര്‍ത്ഥമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com