police_barricade
police_barricade

ദ്രോഹനടപടികള്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകര്‍ ; സമരം തടയാന്‍ ട്രഞ്ചും മുള്ളുവേലിയും, അതിര്‍ത്തി മോഡല്‍ സന്നാഹം ( വീഡിയോ)

കര്‍ശന ജാഗ്രത പാലിക്കാന്‍ പഞ്ചാബ്, ഹരിയാന ഡിജിപിമാര്‍ക്ക് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരരംഗത്തുള്ള കര്‍ഷകര്‍ നിലപാട് കടുപ്പിക്കുന്നു. പൊലീസിന്റെയും ഭരണകൂടത്തിന്റെയും കര്‍ഷക വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാതെ കേന്ദ്രസര്‍ക്കാരുമായി തല്‍ക്കാലം ചര്‍ച്ചയ്ക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പൊലീസ് പിടികൂടിയ കര്‍ഷകരെ മോചിപ്പിക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. 

സമവവുമായി ബന്ധപ്പെട്ട് 122 പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിട്ടയക്കണം. നിയമം പിന്‍വലിച്ചിക്കാതെ, വീട്ടിലേക്ക് മടങ്ങില്ല എന്നാണ് തങ്ങളുടെ മുദ്രാവാക്യമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. റോഡ് തടഞ്ഞും, വൈദ്യുതിയും വെള്ളവും ഇന്റര്‍നെറ്റും വിച്ഛേദിച്ച് സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ജനാധിപത്യപരമായ സമരത്തെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നേരിടുന്നതെന്നും കര്‍ഷക സംഘടനകല്‍ ആരോപിച്ചു. 

ശത്രുരാജ്യത്തെ സൈനികരെ നേരിടാനെന്ന പോലെ റോഡില്‍ ട്രഞ്ച് കുഴിച്ചും, മുള്ളു കമ്പികള്‍ പാകിയുമാണ് സര്‍ക്കാരും പൊലീസും കര്‍ഷക സമരത്തെ നേരിടുന്നതെന്ന് എഎപി എംപി ഭഗവന്ത് മാന്‍ പറഞ്ഞു. കര്‍ഷക സമരത്തെ നേരിടാന്‍, പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ അടക്കം സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയാണ്. സമരക്കാര്‍ എത്താതിരിക്കാന്‍ ഡല്‍ഹിയേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. 

കര്‍ഷക സമരം നേരിടാന്‍ ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തിയില്‍ പൊലീസ് ഒരുക്കിയത് രാജ്യാന്തര അതിര്‍ത്തിയിലെ മാതൃകയിലുള്ള സന്നാഹങ്ങളാണ്. ട്രാക്ടര്‍ അടക്കമുള്ള വാഹനങ്ങളുടെ സഞ്ചാരം തടയുക ലക്ഷ്യമിട്ട് റോഡുകളില്‍ മുള്ളുകമ്പികള്‍ സ്ഥാപിച്ചും, പാക് അതിര്‍ത്തിയിലെ മാതൃകയില്‍ മുള്ളുകമ്പിചുരുളുകള്‍ തീര്‍ത്തും, വന്‍തോതില്‍ ബാരിക്കേഡുകള്‍ നിരത്തിയുമാണ് പൊലീസ് കര്‍ഷക സമരം തടയാന്‍ പ്രതിരോധസംവിധാനമൊരുക്കിയത്. 

അതിനിടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ പഞ്ചാബ്, ഹരിയാന ഡിജിപിമാര്‍ക്ക് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കി. കര്‍ഷകസമരക്കാരെ അവര്‍ നില്‍ക്കുന്ന സ്ഥലത്തു തന്നെ തടയാനാണ് നിര്‍ദേശം. അവരെ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുത്. സംഘത്തില്‍ എത്ര സ്ത്രീകളും കുട്ടികളും ഉണ്ട് എന്ന് കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ 300 ഓളം സമരക്കാര്‍ കയറിയിട്ടുണ്ടെന്നും ഇതേത്തുടര്‍ന്ന് ട്രെയിന്‍ റിവാരിയിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തു. ഇവര്‍ ഏതെഹ്കിലും മാര്‍ഗത്തിലൂടെ ഡല്‍ഹിയില്‍ പ്രവേശിക്കാനിടയുണ്ടെന്നും ഡല്‍ഹി പൊലീസ് മേധാവി നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com