'ചിലര്‍ ഞങ്ങളെ ഇപ്പോഴും തീവ്രവാദികള്‍ എന്നാണ് വിളിക്കുന്നത്'; ഐക്യദാര്‍ഢ്യ പ്രതികരണങ്ങള്‍ സ്വാഗതം ചെയ്ത് കര്‍ഷകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2021 07:32 PM  |  

Last Updated: 03rd February 2021 07:32 PM  |   A+A-   |  

The farmers apologized for the hardships faced by the public during the strike to close the roads to Delhi

ഡല്‍ഹിയില്‍ സമരത്തിനെത്തിയ കര്‍ഷകന്‍/ ഫയല്‍ ചിത്രം


 

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ സ്വാഗതം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. പ്രമുഖ വ്യക്തികള്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് ഐക്യപ്പെടുന്നത് കാണുമ്പോള്‍ അഭിമാനമുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു. 

അതേസമയം, കര്‍ഷകരുടെ വേദന ഇന്ത്യാ ഗവണ്‍മെന്റ് മനസ്സിലാക്കാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരാമായി സമരം ചെയ്യുന്ന തങ്ങളെ ഇപ്പോഴും ചിലര്‍ തീവ്രവാദികള്‍ എന്നാണ് വിളിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധരായവര്‍ രംഗത്തുവന്നിരുന്നു. പോപ് താരം റിഹാനയാണ് ആദ്യം രംഗത്തെത്തിയത്. സമരം നടക്കുന്ന മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പാണികളുമെല്ലാം നിരത്തി സമരക്കാരെ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും ട്വീറ്റില്‍ റിഹാന ചോദിച്ചിരുന്നു.

റിഹാനയുടെ ട്വീറ്റിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് നിരവധി പേര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്റ് അംഗമായ ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് തുടങ്ങി നിരവധി പേര്‍ സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖര്‍ നടത്തിയ പ്രതികരണങ്ങള്‍ കൃത്യതയില്ലാത്തതും ഉത്തരവാദിത്തരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

നിക്ഷിപ്ത താല്‍പര്യക്കാരായ ചിലര്‍ അവരുടെ അജണ്ടകള്‍ പ്രതിഷേധക്കാരില്‍ അടിച്ചേല്‍പ്പിക്കാനും അവരെ വഴിതെറ്റിക്കാനും ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ജനുവരി 26ന് കണ്ടത്. ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രേരണ മൂലമാണ് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. ഇന്ത്യയ്ക്കും സംസ്‌കാരമുള്ള ഏതു സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിത്, പ്രസ്താവനയില്‍ പറയുന്നു.

സെലിബ്രിറ്റികളും മറ്റും പുറത്തുവിടുന്ന വൈകാരികമായ സോഷ്യല്‍ മീഡിയ ഹാഷ്ടാഗുകളും കമന്റുകളും കൃത്യതയുള്ളതോ ഉത്തരവാദിത്തബോധത്തോടെയുള്ളതോ അല്ല. ഇന്ത്യയിലെ വളരെ ചെറിയ വിഭാഗം കര്‍ഷകര്‍ക്കു മാത്രമാണ് കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ധാരണയുള്ളത്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വിശാലമായ വിപണി ഇടപെടലുകള്‍ സാധ്യമാക്കുന്നതാണെന്നും കാര്‍ഷികമേഖലയ്ക്ക് അത് സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരത പ്രദാനംചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.