'ആ അഞ്ച് ഏക്കര്‍ ഞങ്ങളുടേത്, അവിടെ എങ്ങനെ പള്ളി പണിയും?'; അയോധ്യാ മസ്ജിദ് നിര്‍മാണ ഭൂമി നിയമക്കുരുക്കില്‍

'ആ അഞ്ച് ഏക്കര്‍ ഞങ്ങളുടേത്, അവിടെ എങ്ങനെ പള്ളി പണിയും?'; അയോധ്യാ മസ്ജിദ് നിര്‍മാണ ഭൂമി നിയമക്കുരുക്കില്‍
ബാബരി മസ്ജിദ് (ഫയല്‍ ചിത്രം)
ബാബരി മസ്ജിദ് (ഫയല്‍ ചിത്രം)

ലക്‌നൗ: അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിനു നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് രണ്ടു സഹോദരിമാര്‍ ഹൈക്കോടതിയില്‍. ഡല്‍ഹി സ്വദേശികളായ റാണി കപൂര്‍, രമാ റാണി എന്നിവര്‍ നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് എട്ടിനു പരിഗണിക്കും.

തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് യുപി സര്‍ക്കാര്‍ പള്ളി പണിയാനായി വഖഫ് ബോര്‍ഡിനു കൈമാറിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. വിഭജനകാലത്ത് പഞ്ചാബില്‍നിന്നു വന്ന പിതാവ് ഫൈസാബാദില്‍ താമസമാക്കുകയായിരുന്നു. ധനിപൂര്‍ വില്ലേജില്‍ 28 ഏക്കര്‍ അഞ്ചു വര്‍ഷത്തേക്ക് അദ്ദേഹത്തിനു പതിച്ചുകിട്ടി. ആ കാലയളവിനു ശേഷവും ഭൂമി അദ്ദേഹത്തിന്റെ പേരില്‍ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളില്‍ അതു രേഖപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് റവന്യു രേഖകളില്‍നിന്നു പിതാവിന്റെ പേരു നീക്കം ചെയ്തു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ അയോധ്യ അഡീഷനല്‍ കമ്മിഷണര്‍ അനുകൂല തീരുമാനമെടുത്തു. എന്നാല്‍ കണ്‍സോളിഡേഷന്‍ ഓഫിസര്‍ വീണ്ടും പേരു നീക്കം ചെയ്യുകയായിരുന്നു. ഇതിനെതിരായ അപ്പീല്‍ സെറ്റില്‍മന്റ് ഓഫിസറുടെ പരിഗണനയില്‍ ഇരിക്കെയാണ് ഭൂമി സുന്നി വഖഫ് ബോര്‍ഡിനു നല്‍കിയിരിക്കുന്നത്. 

സെറ്റില്‍മെന്റ് ഓഫിസറുടെ മുന്നിലുള്ള അപ്പീലീല്‍ തീരുമാനമാവുന്നതു വരെ ഭൂമി പള്ളിക്കു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കത്തിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് അയോധ്യയില്‍ പള്ളി പണിയാന്‍ സുന്ന വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com