ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ആന്ധ്രയില്‍ മന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീട്ടുതടങ്കലിലാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2021 07:58 PM  |  

Last Updated: 06th February 2021 07:59 PM  |   A+A-   |  

Peddireddy_-_s_vijayakrishna_eps

ആന്ധ്രാപ്രദേശ് മന്ത്രി പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡി/ ഫയല്‍ ചിത്രം


ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഗ്രാമവികസന മന്ത്രി  പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡിയെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. മന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിമ്മഗഡ രമേഷ് കുമാറിന്റെ നടപടി. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, ഗുണ്ടൂര്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഫലപ്രഖ്യാപനം നിര്‍ത്തി വയ്ക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിക്കരുതെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പഞ്ചായത്തീരാജ് മന്ത്രികൂടിയായ രാമചന്ദ്ര റെഡ്ഡി ഭീഷണിപ്പെടുത്തി. ജില്ലാ കലക്ടറും റിട്ടേണിംഗ് ഓഫീസര്‍മാരും അടങ്ങുന്ന സംഘത്തോടായിരുന്നു മന്ത്രിയുടെ ഭീഷണി. 

സംഭവം പുറത്തറിഞ്ഞതോടെസംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിക്കെതിരെ നടപടിയെടുക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീരുന്ന ഫെബ്രുവരി 21 വരെ മന്ത്രിയുടെ വീട് പൊലീസ് നിയന്ത്രണത്തിലായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസിന് നിര്‍ദേശം  നല്‍കി. തന്റെ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മന്ത്രിക്ക് മാധ്യങ്ങളെ കാണാനോ പരസ്യപ്രസ്താവന നടത്താനോ ഇനി അധികാരമില്ല. എന്നാല്‍ മന്ത്രിയെന്ന നിലയ്ക്ക് ഔദ്യോഗിക കാര്യങ്ങളില്‍ ഏര്‍പ്പെടാമെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.  അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.